Pravasimalayaly

അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി എന്നും തുടരും: സന്ദീപ് വാര്യര്‍.

തിരുവനന്തപുരം: സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ആഭ്യന്തര വിഷയം ആണ് എന്നും, അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി എന്നും തുടരും എന്നും സന്ദീപ് വാര്യര്‍. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്ക് കോട്ടം തട്ടുന്ന ഒരു വാക്കും തന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. താൻ ഇപ്പോൾ സാധാരണ ബിജെപി പ്രവർത്തകൻ മാത്രമാണ്. താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്. ആദ്യം രാജ്യം, രണ്ടാമത് പാർട്ടി, സ്വയം പിന്നീട് എന്നാണ് നിലപാട്. അച്ചടക്കമുള്ള പാർട്ടി ഭടനാണ് താന്. തനിക്ക് പാർട്ടിയിലെ എല്ലാവരുമായും നല്ല ബന്ധം ആണ് ഉള്ളത്. തനിക്ക് എതിരായ ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയാണെന്നും, വിമത നീക്കം നടത്തിയെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും സന്ദീപ് വാര്യർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

സംസ്ഥാന നേതൃത്വവുമായി ദീര്‍ഘകാലമായി നിലനിന്നിരുന്ന അഭിപ്രായ ഭിന്നതകള്‍ക്കൊടുവില്‍ സന്ദീപ് വാര്യരെ ദിവസങ്ങള്‍ക്ക് മുമ്പാണ് ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയത്. മലബാറിലെ ചില ജില്ലാ പ്രസിഡന്‍റുമാര്‍ സന്ദീപ് വാര്യർ ചില പാര്‍ട്ടി പരിപാടികള്‍ക്കായി നടത്തിയ ഫണ്ട് ശേഖരണത്തെ കുറിച്ച് പരാതി ഉന്നയിച്ചിരുന്നു. പാര്‍ട്ടിയുടെ അനുമതിയില്ലാതെ ഫണ്ട് സ്വരൂപിച്ചെന്ന ആരോപണം അന്വേഷിക്കാന്‍ ജോര്‍ജ് കുര്യനെയാണ് ബിജെപി ചുമതലപ്പെടുത്തിയത്. ഈ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന വക്താവ് സ്ഥാനത്തു നിന്ന് സന്ദീപിനെ നീക്കം ചെയ്തത്.

Exit mobile version