ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് രംഗത്ത്. അദാനിയുടെ ഷെല്‍ കമ്പനികളുമായി സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിന് ബന്ധമുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഇന്ത്യയുമായി ബന്ധപ്പെട്ട് വലിയൊരു കാര്യം പുറത്തുവിടാനുണ്ടെന്ന് എക്‌സിലൂടെ സൂചിപ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ ഷെല്‍ കമ്പനിയില്‍ മാധബിയ്ക്കും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് പറയുന്നത്. അദാനിയ്‌ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്ന് 18 മാസങ്ങള്‍ കഴിഞ്ഞിട്ടും അദാനിയുമായി ബന്ധപ്പെട്ട ഷെല്‍ കമ്പനികളെക്കുറിച്ച് അന്വേഷിക്കാന്‍ സെബി താല്‍പ്പര്യം പ്രകടിപ്പിക്കാത്തത് ആശ്ചര്യമുണ്ടാക്കുന്നുവെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ പ്രതികരണം. ഓഹരി വിപണിയില്‍ ഉള്‍പ്പെടെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി നല്‍കിയിരുന്നു. ബര്‍മുഡയിലും മൗറിഷ്യസിലുമുള്ള ചില ഷെല്‍ കമ്പനികളുമായി മാധബി പുരി ബുച്ചിനും ഭര്‍ത്താവിനും ബന്ധമുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ഇപ്പോഴത്തെ ഗുരുതര വെളിപ്പെടുത്തല്‍.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണസ്ഥാപനമാണ് ഹിന്‍ഡന്‍ബര്‍ഗ്. അദാനി ഗ്രൂപ്പ് മൗറീഷ്യസ്, കരീബിയന്‍ ദ്വീപുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലൂടെ ഓഫ്ഷോര്‍ എന്റിറ്റികളെ ഉപയോഗിച്ച് വരുമാനം പെരുപ്പിച്ച് കാട്ടിയെന്നായിരുന്നു ഏറെ ചര്‍ച്ചയായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. എന്നാല്‍ റിപ്പോര്‍ട്ട് ഇന്ത്യയ്ക്കെതിരായ കരുതിക്കൂട്ടിയുള്ള നീക്കമാണെന്നായിരുന്നു റിപ്പോര്‍ട്ടിന് അദാനി ഗ്രൂപ്പിന്റെ മറുപടി. ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളിയിരുന്നു.