Pravasimalayaly

അദാനി വിഷയത്തില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 12 ലക്ഷം കോടി; ഓഹരി വിപണി മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഉണ്ടായ വില്‍പ്പന സമ്മര്‍ദം ഓഹരിവിപണിയെ ഒന്നാകെ ബാധിച്ചു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തില്‍ എത്തി. സെന്‍സെക്സില്‍ മാത്രം 874 പോയന്റിന്റെ ഇടിവാണ് നേരിട്ടത്. നിലവില്‍ 60,000 പോയന്റില്‍ താഴെയാണ് സെന്‍സെക്സില്‍ വ്യാപാരം നടക്കുന്നത്.  1.93 ശതമാനത്തിന്റെ ഇടിവാണ് സെന്‍സെക്സില്‍ ഉണ്ടായത്.

നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി. 17500ലേക്കാണ് നിഫ്റ്റി താഴ്ന്നത്. രണ്ടുശതമാനത്തിന്റെ ഇടിവാണ് നിഫ്റ്റി നേരിട്ടത്. ബജറ്റിന് മുന്‍പ് തുടര്‍ച്ചയായ രണ്ടുദിവസം ഉണ്ടായ ഇടിവില്‍ നിക്ഷേപകര്‍ക്ക് ഏകദേശം 12 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. വ്യാപാരത്തിനിടെ, ബിഎസഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരിമൂല്യം 280 ലക്ഷം കോടിയില്‍ നിന്ന് 268 ലക്ഷം കോടിയായാണ് താഴ്ന്നത്.

ഓട്ടോ സെക്ടര്‍ ഒഴികെയുള്ള മുഴുവന്‍ മേഖലകളും നഷ്ടം നേരിട്ടു. എണ്ണ, ഊര്‍ജ്ജ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഏകദേശം ഏഴ് ശതമാനത്തിന്റെ വരെ ഇടിവാണ് നേരിട്ടത്. ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്സ് ഓഹരികളും നഷ്ടം നേരിട്ടു.

രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ അദാനി ഗ്രൂപ്പ് ഓഹരികളില്‍ 20 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. ഓഹരി വില പെരുപ്പിച്ച് കാണിച്ചു എന്ന ആരോപണമാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്.

Exit mobile version