നെഹ്റു ട്രോഫി ഈ മാസം 28ന് നടത്താൻ തീരുമാനമായി. വള്ളം കളി ഉച്ചയ്ക്ക് രണ്ട് മണിക്ക് നടത്തും. നെഹ്റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റിയുടെ എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വള്ളം കളി മാറ്റിവെച്ചിരുന്നു. എന്നാൽ വള്ളം കളി നടത്തണമെന്ന് ആവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി രംഗത്തെത്തിയിരുന്നു.
ഭൂരിപക്ഷ ക്ലബ്ബുകളും 28-ാം തീയതി എന്ന തീരുമാനം അംഗീകരിച്ചിരുന്നു. 24 തീയതിവരെ മറ്റു പ്രാദേശിക വള്ളംകളികളുണ്ട്. നെഹ്റു ട്രോഫി വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് ബോട്ട് ക്ലബുകൾ മുഖ്യമന്ത്രിക്ക് നേരത്തെ നിവേദനം നൽകിയിരുന്നു. നെഹ്‌റു ട്രോഫി വള്ളം കളിക്ക് ടൂറിസം വകുപ്പ് ഒരു കോടി രൂപ നൽകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വള്ളം കളി മാറ്റിവെച്ചതിനെതിരെ ജനപ്രതിനിധികൾ പോലും ചെറുവിരലനക്കാതിരുന്നപ്പോഴാണ് സോഷ്യൽ മീഡിയ വഴി രൂപംകൊണ്ട പ്രതിഷേധത്തിനു വള്ളംകളി സർക്കാർ തലത്തിൽ വരെ സമ്മർദ്ദം ചെലുത്താൻ സാധിച്ചത്. സമിതിയെ പ്രതിനിധീകരിച്ച് ഇരുപത്തഞ്ചോളം വള്ളംകളിപ്രേമികളാണ് ഇന്നലെ കളക്ടർക്ക് നിവേദനം നൽകിയിരുന്നു.