Pravasimalayaly

അനുമതി ഇല്ലാതെ ആയുർവേദ ചികിത്സ; പെരിയ കേസ് പ്രതികളെ വിയ്യൂർ ജയിലിലേക്ക് മാറ്റാൻ ഉത്തരവ്

കൊച്ചി: പെരിയ കേസ് പ്രതികളെ കണ്ണൂരിൽ നിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റാൻ ഉത്തരവ്. കൊച്ചിയിലെ സിബിഐ കോടതിയാണ് ഉത്തരവിട്ടത്. കോടതി അനുമതി ഇല്ലാതെ പ്രതി പീതാംബരന് ചികിത്സ നൽകിയതിൽ കണ്ണൂർ സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ട് കോടതിയിൽ ഇന്ന് മാപ്പ് എഴുതി നൽകിയതിന് പിന്നാലെയാണ് ഉത്തരവ്. 

പെരിയ ഇരട്ടക്കൊലക്കേസ് പ്രതി എ പീതാംബരന് ചട്ടവിരുദ്ധമായി ചികിത്സ അനുവദിച്ചതിൽ കണ്ണൂർ സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ടിനോട് കോടതി വിശദീകരണം തേടിയിരുന്നു.  ജയിൽ സൂപ്രണ്ട് ആർ സാജൻ മറ്റൊരു കേസിൽ സസ്പെൻഷനിൽ ആയതു കൊണ്ടാണ് ജോയിൻ്റ് സൂപ്രണ്ട് നസീം ഹാജരായത്. ജയിൽ സൂപ്രണ്ട് സിബിഐ കോടതി അനുമതിയില്ലാതെ ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് പീതാംബരന് ആയുർവേദ ചികിത്സ അനുവദിച്ചത്. 

കഴിഞ്ഞ ഒരു മാസമായി പീതാംബരൻ കണ്ണൂർ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ്. പീതാംബരൻ്റെ ആരോഗ്യ നില പരിശോധിക്കാൻ പുതിയ മെഡിക്കൽ ബോർഡ് രൂപീകരിക്കാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

Exit mobile version