കുവൈറ്റ് സിറ്റി: വിമാന യാത്രക്കാര്‍ പരിചയമില്ലാത്തവരുടെ ഹാന്‍ഡ് ബാഗുകള്‍ സ്വീകരിക്കരുതെന്ന് കുവൈത്ത് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ മുന്നറിയിപ്പ്. ഇത്തരത്തില്‍ പിടിക്കുന്ന ഹാന്‍ഡ് ബാഗുകളില്‍ നിരോധിത വസ്തുക്കള്‍ ഉണ്ടായാല്‍ നടപടി നേരിടേണ്ടി വരിക യാത്രക്കാരനായിരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വിമാനത്താവളത്തില്‍ യാത്രക്കിടയില്‍ കുറച്ചു സമയത്തേക്ക് സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുന്നത് പോലും അപകടം വിളിച്ചു വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് തുടങ്ങിയ നിരോധിത വസ്തുക്കള്‍ കടത്തുന്നതിന് യാത്രക്കാരെ ദുരുപയോഗം ചെയ്യുന്ന മാഫിയ സംഘങ്ങളുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മാഫിയ സംഘങ്ങളുടെ കെണിയില്‍പെട്ട് പിടിക്കപ്പെട്ടാല്‍ യാത്രക്കാരനെ കുറ്റക്കാരനായി ശിക്ഷിക്കുന്നതാണ്. ജീവപര്യന്തം വരെ ലഭിക്കാവുന്ന ശിക്ഷകള്‍ക്ക് യാത്രക്കാര്‍ വിധേയരാകും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 10000 ഡോളറോ അതിന് തുല്യമായ പ്രാദേശിക നോട്ടുകളോ കൈവശം വെക്കുന്ന യാത്രക്കാര്‍ ആ വിവരം പരിശോധന സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും കസ്റ്റംസ് ഡയറക്ടര്‍ നിര്‍ദേശിച്ചു. പിടിക്കപ്പെട്ടാല്‍ അനധികൃത ഹവാല കടത്തിനും പണം വെളുപ്പിക്കലിനും നിയമ നടപടികള്‍ നേരിടേണ്ടിവരും.
ഈ വര്‍ഷം ആറ് മാസത്തിനിടെ നിരോധിത സാധനങ്ങള്‍ കടത്താനുള്ള 46 ശ്രമങ്ങള്‍ പിടികൂടിയിട്ടുണ്ട്. മധ്യവേനല്‍ തിരക്ക് കണക്കിലെടുത്ത് കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി 45 വനിതകളടക്കം 190 ഉദ്യോഗസ്ഥര്‍ സേവനം എയര്‍പോര്‍ട്ടില്‍ ലഭ്യമാണെന്നും വലീദ് അല്‍ നാസര്‍ കൂട്ടിച്ചേര്‍ത്തു.