അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് നാല് എസ്ഡിപിഐ – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കൂടി കസ്റ്റഡിയിലെടുത്തു. ഇതിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും ഉൾപ്പെടുന്നതായാണ് സൂചന. പ്രതികൾക്കായി സംസ്താനത്തിന് അകത്തും പുറത്തും പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ എറണാകുളം നെട്ടൂർ നങ്ങ്യാരത്തുപറമ്പ് സെയ്ഫുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു.
അക്രമത്തെക്കുറിച്ച് സെയ്ഫുദ്ദീന്‍ മുൻകൂട്ടി അറിയാമായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. കൊലപാതകത്തിന് ശേഷം അക്രമികൾ പല വാഹനങ്ങളിലാണ് രക്ഷപ്പെട്ടത്. ഇതിനിടെ കുടുങ്ങിപ്പോയ ഒരു ബൈക്ക് സെയ്ഫുദ്ദീൻ രാത്രിയിൽ തന്നെ അവിടെ നിന്നു കടത്തിക്കൊണ്ടു പോയി. കൂടാതെ പ്രതികൾക്ക് രക്ഷപ്പെടാൻ സൗകര്യം ഒരുക്കി നൽകിയതായും പൊലീസ് സൂചിപ്പിച്ചു.
അഭിമന്യു വധക്കേസിൽ പിടിയിലായി റിമാൻഡിൽ കഴിയുന്ന ഫറൂഖ്, ബിലാൽ, റിയാസ് എന്നിവരെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കേസിലെ ഗൂഢാലോചന കൂടുതൽ വ്യക്തമാകുമെന്ന് പൊലീസ് പറയുന്നു. പ്രതികൾക്കായി നടത്തിയ സംസ്ഥാന വ്യാപക റെയ്ഡിനിടെ, 130 ഓളം എസ്.ഡി.പി.ഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു.
അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യം പൊലീസിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ നിയമോപദേശം തേടുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട ക്യാംപസ് ഫ്രണ്ടും എസ്എഫ്‌ഐയും തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ്, എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിന് കുത്തേറ്റത്.