അമ്മയുടെ ഷോയില്‍ ദിലീപിനെ വിലക്കിയതോടെ ഒരുവിഭാഗം വിട്ടുനില്ക്കാന്‍ തീരുമാനിച്ചു, വനിതാ സംഘടനയിലെ പ്രമുഖരെ ഒഴിവാക്കിയതും വിവാദത്തില്‍

0
33

മലയാളത്തിലെ സിനിമ താരങ്ങളുടെ സംഘടനയാണ് അമ്മ. മുന്‍നിര താരങ്ങള്‍ അടക്കം നിരവധി അഭിനേതാക്കള്‍ സംഘടനയില്‍ അംഗങ്ങളാണ്. എന്നാല്‍ അടുത്തിടെ അമ്മയില്‍ വലിയ കലാപമാണ് നടന്നു കൊണ്ടിരിക്കുന്നത്.

ആദ്യം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ സംരക്ഷിച്ച അമ്മയുടെ നിലപാടായിരുന്നു കാരണമെങ്കില്‍ പിന്നീട് വുമണ്‍ കളക്ടീവ് ഇന്‍ സിനിമയുടെ വരവും അമ്മയെ കലുഷിതമാക്കി. ഇപ്പോഴിതാ തിരുവനന്തപുരത്ത് അമ്മ നടത്തുന്ന സ്റ്റേജ് ഷോ മറ്റൊരു പ്രതിസന്ധി സംഘടനയില്‍ സൃഷ്ടിച്ചിരിക്കുന്നു.

ഒരുകാലത്ത് അമ്മയുടെ മുഖമായിരുന്ന ദിലീപിനെയും ഭാര്യ കാവ്യ മാധവനെയും ഷോയില്‍ പങ്കെടുപ്പിക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ദിലീപിന് അപ്രഖ്യാപിത വിലക്ക് വന്നതോടെ അദേഹത്തിന്റെ പക്ഷത്തുള്ള ഒരുകൂട്ടം അഭിനേതാക്കള്‍ ഷോയുമായി സഹകരിക്കുന്നില്ല.

ദിലീപിനെ ഉള്‍പ്പെടുത്താത്തത് നെറികേടായി പോയെന്നാണ് ഇവര്‍ പറയുന്നത്. അമ്മ സംഘടന സാമ്പത്തികമായി തകര്‍ന്നു നിന്ന സമയത്ത് ട്വന്റി-20 എന്ന സിനിമ നിര്‍മിച്ച് കോടികളുടെ ബാക്കിയിരുപ്പ് നല്കിയത് ദിലീപിന്റെ നേതൃത്വത്തില്‍ ആയിരുന്നു. പിന്നീട് പലപ്പോഴായി അമ്മ നടത്തിയ സ്‌റ്റേജ് ഷോകളുടെ സൂത്രധാരനും ദിലീപ് തന്നെ.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതും കോടതിയില്‍ കേസ് നടക്കുന്നതും മൂലമാണ് അദേഹത്തെ ഒഴിവാക്കിയത്. ദിലീപ് പങ്കെടുക്കുന്നത് വിവാദത്തിന് കാരണമാകുമെന്ന വിലയിരുത്തലാണ് പ്രസിഡന്റ് ഇന്നസെന്റ് അടക്കമുള്ളവര്‍ക്ക് ഉള്ളത്. അതുകൊണ്ട് തന്നെയാണ് ദിലീപിനെ മാറ്റി നിര്‍ത്തിയതും.

അതേസമയം ജൂണില്‍ നടക്കുന്ന അമ്മ തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാനുള്ള നീക്കത്തിലാണ് ദിലീപിന്റെയും യുവതാരങ്ങളുടെ നേതൃത്വത്തിലുള്ള പക്ഷങ്ങള്‍. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ ദിലീപിനാണ്. ഇന്നസെന്റും ദിലീപിനൊപ്പം തന്നെ നില്ക്കുന്നു. ദിലീപ് മത്സരിക്കില്ലെങ്കിലും അദേഹത്തിന്റെ അടുത്ത ആളുകളാകും മത്സരിക്കുക.

Leave a Reply