അമ്മ കുടുംബമാണെങ്കില്‍ വാക്കാലുള്ള പരാതി മതിയായിരുന്നില്ലേ ദിലീപിനെതിരെ നടപടി എടുക്കാന്‍: ആക്രമിക്കപ്പെട്ട നടി

0
41

 

മലയാള താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് നടത്തിയ വാര്‍ത്താ സമ്മേളനത്തെയും അതിലെ പരാമര്‍ശങ്ങളെയും വിമര്‍ശിച്ച് വനിതാ കൂട്ടായ്മയായ ഡബ്ലുസിസി കഴിഞ്ഞ ദിവസം രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. മോഹന്‍ലാല്‍ നിരാശപ്പെടുത്തിയെന്ന ആരോപണമാണ് അവര്‍ ഉന്നയിച്ചത്. ഡബ്ലുസിസിക്ക് പിന്നാലെ മോഹന്‍ലാല്‍ നല്‍കിയ വിശദീകരണങ്ങളുടെ മുനയൊടിച്ച് സംഘടനയുടെ മുന്‍ എക്‌സിക്യൂട്ടീവ് അംഗവും ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തുമായ രമ്യ നമ്പീശനും ഇപ്പോള്‍ രംഗത്തെത്തി. നടന്‍ ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട നടി രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിനെതിരെ അക്രമിക്കപ്പെട്ട നടിയുടെ വെളിപ്പെടുത്തല്‍ സഹിതമാണ് രമ്യ വ്യക്തമാക്കിയത്.

മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനത്തിനു ശേഷം താന്‍ ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചിരുന്നു. അവള്‍ തന്നോട് പറഞ്ഞത് ഇങ്ങനെയാണ്… ‘സംഘടന കുടുംബമാണെങ്കില്‍ വാക്കാലുള്ള പരാതി മതിയായിരുന്നില്ലേ? ഒന്നുമില്ലാതെ ആരെങ്കിലും ആരോപണം ഉന്നയിക്കുകയോ, സഹായത്തിനു വേണ്ടിയോ സംഘടനയെ സമീപിക്കുമോ? പരാതി പറഞ്ഞപ്പോള്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ചിട്ട് പറയാമെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ എഴുതിക്കൊടുത്തില്ല എന്ന ന്യായമാണ് പ്രസിഡന്റ് പറയുന്നത്. പരാതി എഴുതി നല്‍കിയാലും നടപടി എടുക്കില്ല എന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്”.

മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പരാതി പറയുന്നവരുടെ ആശങ്ക പരിഗണിക്കാത്തത് അവരോടുള്ള അവഹേളനമാണ്. പരാതി എഴുതി നല്‍കിയിട്ടില്ല എന്ന് പറയുന്നത്, ആരോപണങ്ങളില്‍ നിന്നും വഴുതിമാറാനുള്ള ശ്രമമാണെന്ന് വ്യക്തം. സംഘടനയില്‍ ഓരോ അംഗങ്ങള്‍ക്കും വെവ്വേറെ നിയമമാണോ നടപ്പാക്കുന്നത് എന്നും രമ്യ ചോദിച്ചു.

എഎംഎംഎയില്‍ നിന്നു രാജി വയ്ക്കുകയാണെന്ന് രമ്യ നമ്പീശനും റീമ കല്ലിങ്കലും ഗീതു മോഹന്‍ദാസും ആക്രമിക്കപ്പെട്ട നടിയും പ്രഖ്യാപിച്ചത് പൊതുജനങ്ങള്‍ കേള്‍ക്കെയാണ്. രാജി വയ്ക്കാനുള്ള കാരണവും വിഷയത്തില്‍ തങ്ങളുടെ നിലപാടും ലോകത്തിനു മുമ്പില്‍ വ്യക്തമാക്കിയതാണ്. അതിനാല്‍ രാജി എഴുതിത്തന്നെ നല്‍കണമെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും രമ്യ പറഞ്ഞു. നേരത്തെ, വാര്‍ത്താ സമ്മേളനത്തില്‍ സംഘടനയ്ക്ക് രണ്ടു പേരുടെ രാജിക്കത്ത് മാത്രമെ ലഭിച്ചിരുന്നു എന്ന് മോഹന്‍ ലാല്‍ പറഞ്ഞതിനോടായിരുന്നു രമ്യയുടെ പ്രതികരണം.

എറണാകുളം പ്രസ് ക്ലബ്ബില്‍ തിങ്കളാഴ്ച ആയിരുന്നു മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനം നടത്തിയത്.സഹനടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും അതേസമയം ദിലീപിനായി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. വാര്‍ത്താസമ്മേളനത്തിലെ പല പരാമര്‍ശങ്ങളും ഏറെ ചര്‍ച്ചയായിരുന്നു.

Leave a Reply