അമ്മ വിവാദത്തില്‍ ഗണേഷിനോടും മുകേഷിനോടും ഇന്നസെന്റിനോടും വിശദീകരണം തേടില്ലെന്ന് സിപിഐഎം

0
38

‘അമ്മ’ സംഘടനയിലെ പ്രശ്‌നത്തില്‍ ഇടതുപക്ഷ ജനപ്രതിനിധികളെ തള്ളി പറയാതെ സിപിഐഎം. ഇക്കാര്യത്തിൽ നടന്മാരായ മുകേഷിനോടും ഇന്നസന്റിനോടും കെ.ബി. ഗണേഷ്കുമാറിനോടും പാർട്ടി വിശദീകരണം തേടേണ്ടതില്ലെന്ന് സിപിഐഎം. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമെടുത്തത്. എംഎല്‍എമാര്‍ക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ നിലപാട്. വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കി പത്രക്കുറിപ്പ് ഇറക്കും.

അമ്മ സംഘടനയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് സംഘടനയിലെ അംഗങ്ങള്‍ കൂടിയായ എംഎല്‍എമാര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. ഇരുവരും പാര്‍ട്ടിയില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കുമെന്നായിരുന്നു നിലപാടെടുത്തിരുന്നത്. പ്രതികരിക്കാനില്ലെന്നാണ് അമ്മ മുൻ പ്രസിഡന്റും എംപിയുമായ ഇന്നസന്റും നിലപാടെടുത്തത്.

മുകേഷിനും ഗണേഷ് കുമാറിനുമെതിരെ മന്ത്രി ജി.സുധാകരനും വനിത കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുകേഷ് പ്രതികരിച്ചത്. വളരെ ചുരുങ്ങിയ വാക്കുകളിലായിരുന്നു മുകേഷിന്റെ പ്രതികരണം. അമ്മയിലെ കാര്യങ്ങള്‍ പാര്‍ട്ടിയോട് വിശദീകരിക്കുമെന്നായിരുന്നു മുകേഷ് പറഞ്ഞത്. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു.

അതിനിടെ സ്ത്രീവിരുദ്ധ നിലപാട് സ്വീകരിച്ച അമ്മ സംഘടനയുടെ തലപ്പത്തിരിക്കുന്ന നടൻ മുകേഷിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാനച്ചടങ്ങിന്റെ സ്വാഗതസംഘം ചെയർമാൻ സ്ഥാനത്തുനിന്നു മാറ്റണമെന്ന ആവശ്യവുമായി സംവിധായകൻ ടി. ദീപേഷ് രംഗത്ത് വന്നു. മുകേഷ് സ്വാഗത സംഘം ചെയർമാനായ ചടങ്ങിൽ വച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിക്കുന്നതിൽ മാനസിക പ്രയാസമുണ്ടെന്നു കാണിച്ചായിരുന്നു ദീപേഷ് സാംസ്കാരിക മന്ത്രിക്കു കത്തയച്ചത്.

2017 ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ‘സ്വനം’ സിനിമയുടെ സംവിധായകനാണു ടി. ദീപേഷ്. കണ്ണൂരിലെ സിപിഐഎം കുടുംബത്തിൽനിന്നുള്ള സംവിധായകനാണ് സിപിഐഎം സഹയാത്രികനായ എംഎൽഎയ്ക്കെതിരെ രംഗത്തു വന്നിരിക്കുന്നതെന്നതാണു ശ്രദ്ധേയം.

ദീപേഷ് സാംസ്കാരിക മന്ത്രിക്ക് അയച്ച കത്തിൽ നിന്ന്:

2017 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം കൈമാറുന്നത് ഈ വർഷം കൊല്ലത്തു വച്ചാണെന്നും മുകേഷാണു സ്വാഗത സംഘം ചെയർമാനെന്നും അറിയാൻ കഴിഞ്ഞു. തികച്ചും ജനാധിപത്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ നിലപാട് സ്വീകരിച്ച അമ്മ എന്ന സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന മുകേഷിന്റെ സ്വാഗതത്തിൽ, ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുള്ള അവാർഡ് സമ്മാനിക്കുന്നത് ഇടതുപക്ഷ മുന്നണിയും സർക്കാരും മുന്നോട്ടു വച്ചിട്ടുള്ള സ്ത്രീപക്ഷ നിലപാടിനു വിരുദ്ധമാണ്. ഇതു പൊതു സമൂഹത്തിനു മുൻപിൽ തെറ്റായ സന്ദേശം എത്തിക്കും. ഈ പരിപാടിയിൽ പങ്കെടുത്ത് അവാർഡ് വാങ്ങേണ്ട ആൾ എന്ന നിലയിൽ വളരെ മാനസിക പ്രയാസമുണ്ട്. കഴിഞ്ഞ വർഷം തലശ്ശേരിയിൽ സംഘടിപ്പിച്ച അവാർഡ് ദാന പരിപാടിയിൽ ‘അവൾക്കൊപ്പം’ എന്നതായിരുന്നു പ്രധാന വിഷയം. മുകേഷിനെ മാറ്റി നിർത്തി ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട് ഉയർത്തിപ്പിടിക്കണമെന്ന് അഭ്യർഥിക്കുന്നു.

Leave a Reply