അരവിന്ദ് കേജ്‌രിവാളിന് തിരിച്ചടി: അറസ്റ്റ് നിയമപരമെന്ന് ഡല്‍ഹി ഹൈക്കോടതി; ഹര്‍ജി തള്ളി

0
30

ന്യൂഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ഇ.ഡിക്ക് സാധിച്ചെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേജ്രിവാളിന്റെ അറസ്റ്റ് നിയമപരമാണ്. കേജ്രിവാള്‍ ഗൂഢാലോചന നടത്തിയതിനു തെളിവുണ്ട്. ലഭിച്ച പണം ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെലവഴിച്ചതായും ഹൈക്കോടതി പറഞ്ഞുമാപ്പുസാക്ഷിയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ തെറ്റില്ല. മാപ്പുസാക്ഷികളെ അവഗണിച്ചാല്‍ നിയമവ്യവസ്ഥ മുന്നോട്ടു പോകില്ല. വിചാരണ കോടതിയുടെ അധികാരങ്ങളില്‍ ഇടപെടുന്നില്ല. തിരഞ്ഞെടുപ്പുകാലമാണോയെന്നതു കോടതി കണക്കിലെടുക്കേണ്ട കാര്യമല്ല. തിരഞ്ഞെടുപ്പുകാലം മുന്നില്‍കണ്ട് കേജ്രിവാളിന് അന്വേഷണവുമായി സഹകരിക്കാമായിരുന്നു. കോടതിക്കു രാഷ്ട്രീയമില്ല, നിയമമാണ് പ്രസക്തം. കോടതിയുടെ പരിഗണനയിലുള്ള വിഷയം കേന്ദ്രവും കേജ്രിവാളും തമ്മിലല്ല, ഹര്‍ജിക്കാരനും ഇ.ഡിയും തമ്മിലാണെന്നും ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ ബെഞ്ച് വ്യക്തമാക്കി.അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകള്‍ ഇല്ലാതെയാണ് ഇ.ഡി നടപടിയെന്നും ആരോപിച്ചായിരുന്നു കേജ്‌രിവാളിന്റെ ഹര്‍ജി. എന്നാല്‍ അഴിമതിയുടെ സൂത്രധാരന്‍ കേജ്‌രിവാളാണെന്നും ആം ആദ്മി പാര്‍ട്ടിയാണ് അഴിമതിയുടെ ഗുണഭോക്താവ് എന്നുമാണ് ഇ.ഡിയുടെ കണ്ടെത്തല്‍.മാര്‍ച്ച് 21നാണ് ഇ.ഡി കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് അദ്ദേഹം. കസ്റ്റഡിയിലിരിക്കെ കേജ്‌രിവാള്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവുകള്‍ വിവാദം സൃഷ്ടിച്ചിരുന്നു. കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ചും നടന്നിരുന്നു. ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ബിആര്‍എസ് നേതാവ് കെ.കവിതയുടെ ഇടക്കാല ജാമ്യ ഹര്‍ജി ഡല്‍ഹി റൗസ് അവന്യൂ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Leave a Reply