Pravasimalayaly

അരിക്കൊമ്പനെ 29 വരെ മയക്കുവെടിവെക്കരുത്; മൃഗസംരക്ഷണ സംഘടന ഹർജിയിൽ ഹൈക്കോടതി

ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ദൗത്യം നീട്ടിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മയക്കുവെടി വെക്കുന്നത് ഈ മാസം 29-ന് കേസ് പരിഗണിച്ചതിന് ശേഷം മതിയെന്നും കോടതി ഉത്തരവിട്ടു. മൃഗസംരക്ഷണ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. മയക്കുവെടി വയ്ക്കാൻ തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് അരിക്കൊമ്പൻ മിഷൻ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി തടഞ്ഞത്. 

അരിക്കൊമ്പനെ പിടിക്കുന്നതിനായി തെറ്റായ നടപടികളാണ് വനംവകുപ്പ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് മൃഗസംരക്ഷണ സംഘടന  ഹര്‍ജി നൽകിയത്. ആനയെ 29 വരെ മയക്കുവടി വയ്ക്കാന്‍ പാടില്ല. എന്നാല്‍ ഈ കാലയളവില്‍ അരിക്കൊമ്പനെ ട്രാക്ക് ചെയ്യുന്നതിന് വനം വകുപ്പിന് തടസ്സമില്ലെന്നും കോടതി ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരുടെ ബെഞ്ച് വ്യക്തമാക്കി. രാത്രി എട്ട് മണിയോടെയായിരുന്നു അടിയന്തര വിഷയമായി പരിഗണിച്ച് സിറ്റിങ് നടത്തിയത്.

ഞായറാഴ്ച അരികൊമ്പനെ മയക്കുവെടി വെക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി വനംവകുപ്പ് മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

Exit mobile version