Pravasimalayaly

അരിക്കൊമ്പൻ ട്രക്കിങ് ടീമിന്റെ നിരീക്ഷണത്തിൽ; 301 കോളനി പരിസരത്തേക്ക് തുരത്താൻ ശ്രമം

തൊടുപുഴ: അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ഇന്നലെ രാവിലെ മുതലുള്ള തിരച്ചിലിനൊടുവിൽ ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാ​ഗത്ത് ആനയെ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് ആനയിപ്പോൾ ഇറങ്ങിയതായും സൂചനയുണ്ട്. സിമന്റ് പാലത്തിന് സമീപം ചക്കക്കൊമ്പൻ നിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്. 

അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ഇന്നും പുലർച്ചെ നാലര മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ.

കൊച്ചി- ധനുഷ്കോടി ദേശീയപാതയും ആനയിറങ്കലും കടത്തി 301 കോളനി പരിസരത്ത് എത്തിച്ച ശേഷമായിരിക്കും മയക്കു വെടി വയ്ക്കുക. ഇതിനായുള്ള ശ്രമങ്ങളായിരിക്കും ഇന്നും തുടരുക. സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കു വെടി വയ്ക്കാനുള്ള സംഘം പുറപ്പെടും. മദപ്പാടിൽ നിൽക്കുന്ന ചക്കക്കൊമ്പൻ കാട്ടാനക്കൂട്ടത്തിനൊപ്പമെത്തിയതോടെയാണ് അരിക്കൊമ്പൻ ശങ്കരപാണ്ഡ്യമേട്ടിലേക്ക് മാറാൻ കാരണം. 

ദൗത്യം ഇന്ന് രാവിലെ എട്ട് മണിക്ക് പുനരാരംഭിക്കുമെന്ന് മൂന്നാർ ഡിഎഫ്ഒ രമേശ് ബിഷ്‌ണോയ് അറിയിച്ചിരുന്നു. ട്രാക്കിങ് സംഘം പുലർച്ചെ മുതൽ അരിക്കൊമ്പനെ നിരീക്ഷിക്കും. നാളെ പൂർത്തിയായില്ലെങ്കിൽ ഞായറാഴ്ചയും ദൗത്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version