Pravasimalayaly

അഴിമതി ആരോപണം ഉയരുമ്പോള്‍ തീപിടിത്തം സര്‍ക്കാരിന്റെ പതിവു തന്ത്രം; ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : കിന്‍ഫ്രയിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണശാലയിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. തീപിടിത്തത്തിന് പിന്നില്‍ അട്ടിമറി ഉണ്ടോയെന്ന് സംശയമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

കെട്ടിടത്തില്‍ മതിയായ സുരക്ഷയോ തീ അണയ്ക്കുന്നതിനാവശ്യമായ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. കോവിഡ് കാലത്തെ മെഡിക്കല്‍ പര്‍ച്ചേസില്‍ അഴിമതിയുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് തീപിടിത്തമെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. അഴിമതി ആരോപണത്തില്‍ ലോകായുക്ത അന്വേഷണം നടക്കുകയാണ്. 

ഇതിനിടെയാണ് കൊല്ലത്തും ഇപ്പോള്‍ തിരുവനന്തപുരത്തും മരുന്നുസംഭരണ ശാലകളില്‍ തീപിടിത്തമുണ്ടായി ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകള്‍ നശിച്ചത്. അഴിമതി പിടിക്കപ്പെടുമ്പോള്‍ തീപിടിക്കുന്നത് സര്‍ക്കാരിന്റെ പതിവ് തന്ത്രമാണ്. തീപിടിത്തം ഗൗരവമായി അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. 

ഏതു ഗോഡൗണിലും ഫയര്‍ എന്‍ഒസി വേണമെന്നാണ് ചട്ടം. കൊല്ലത്ത് തീപിടിച്ച ഗോഡൗണില്‍ ഇത്തരം എന്‍ഒസി ഉണ്ടായിരുന്നില്ല. കൊല്ലത്ത് തീപിടിത്തമുണ്ടായ അതേ കാരണങ്ങളാല്‍ തിരുവനന്തപുരത്തും തീപിടിത്തമുണ്ടായി എന്നത് അവിശ്വസനീയമാണ്. ഇതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കണം. കുത്തഴിഞ്ഞ നിലയിലാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ പ്രവര്‍ത്തനമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. 

Exit mobile version