Pravasimalayaly

അവശനായ രോഗിയെ സ്ട്രെച്ചറില്‍ തലകീഴായി കിടത്തിയ സംഭവം, ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

തൃശൂര്‍: രോഗിയെ സ്‌ട്രെച്ചറില്‍ തലകീഴായി കിടത്തിയ സംഭവത്തില്‍ കേസെടുത്തു. ആംബുലന്‍സ് ഡ്രൈവര്‍ പാലക്കാട് സ്വദേശി ഷെരീഫിനെതിരെയാണ് കേസെടുത്തത്. വാഹനത്തില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിനായിരുന്നു ക്രൂരത.

വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ രണ്ടു ദിവസം മുമ്പ് എത്തിച്ച മദ്ധ്യവയസ്‌കന്‍ ഇന്നലെ മരണമടഞ്ഞിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പാലക്കാട് തൊടുകാട് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് അനില്‍ കുമാറിനെ (50) ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെ ആംബുലന്‍സില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന്റെ പേരില്‍ ഡ്രൈവറായ ഷഫീക്ക്, അനില്‍ കുമാറിനെ സ്ട്രെച്ചറില്‍ തലകീഴായി കിടത്തുകയായിരുന്നു. സമീപത്ത് നിന്നവരാണ് ഇത് മൊബൈലില്‍ ചിത്രീകരിച്ചത്. അത്യാഹിത വിഭാഗത്തിന് മുന്നില്‍ ആംബുലന്‍സ് നിര്‍ത്തിയപ്പോള്‍ ജീവനക്കാര്‍ ആരും സഹായത്തിന് എത്തിയിരുന്നില്ല. തലഭാഗം നിലത്ത് ഇറക്കിവച്ച നിലയില്‍ സ്ട്രെച്ചര്‍ അടക്കം രോഗി തലകീഴായി കിടക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയരുകയായിരുന്നു.

Exit mobile version