പി.വി അൻവറിന്‍റെ മുന്നണി പ്രവേശനത്തിൽ തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന് യുഡിഎഫ്. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുടെയും അഭിപ്രായം തേടും. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം പിന്തുണ സ്വീകരിക്കുന്നതിൽ തീരുമാനം എടുക്കും.അൻവറിനെ തൽക്കാലം തള്ളുകയും കൊള്ളുകയും വേണ്ട. യു.ഡി.എഫ് യോഗത്തിലും, കെ.പി.സി.സിയുടെ യോഗങ്ങളിലും അൻവർ വിഷയം ചർച്ച ചെയ്യും. മലപ്പുറം ഡി.സി.സിയുമായും കൂടിയാലോചന നടത്താനാണ് യുഡിഎഫ് തീരുമാനം.അതേസമയം നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. പി.വി അൻവറിന്റെ രാജി സ്പീക്കർ അംഗീകരിച്ചതോടെ ഇക്കാര്യം വ്യക്തമാക്കി നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കി. നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഒഴിവ് വന്ന കാര്യം സ്പീക്കർ ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒന്നേകാൽ വർഷത്തോളം ബാക്കി ഉള്ളതിനാൽ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പ് കമ്മീഷനാണ് അന്തിമതീരുമാനം എടുക്കുക.നാടകീയ നീക്കങ്ങൾക്കൊടുവിലാണ് പി വി അൻവർ എംഎൽഎ സ്ഥാനം രാജിവച്ചത്. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കിയ അൻവർ, DCC പ്രസിഡന്റ് വി എസ് ജോയിയെ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടു. സ്ഥാനാർഥിയെ കോൺഗ്രസും മുന്നണിയും ചേർന്ന് തീരുമാനിക്കുമെന്നാണ് യൂഡിഎഫ് നേതാക്കളുടെ പ്രതികരണം. പി വി അൻവർ ഒരു ചലനവും ഉണ്ടാക്കില്ലെന്നായിരുന്നു സിപി എംഎമ്മിന്റെ പ്രതികരണം.
‘അൻവറിനെ തൽക്കാലം തള്ളുകയും കൊള്ളുകയും വേണ്ട’; മുന്നണി പ്രവേശനത്തിൽ തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന് യുഡിഎഫ്
