ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ പതിമൂന്നാം ദിവസത്തിലേക്ക്. ഗംഗാവലിപ്പുഴയിൽ തെരച്ചിലിനായി മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും ഇറങ്ങുന്നതിൽ രാവിലെയോടെ തീരുമാനമുണ്ടാകും. രാവിലെ 9 മണിക്ക് അവലോകന യോഗം ചേരും. കാർവാർ എംഎൽഎയുടെ നിർദേശപ്രകാരം മാൽപെയുടെ സംഘം സ്വന്തം റിസ്കിൽ പുഴയിലിറങ്ങി തിരച്ചിൽ നടത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇന്നലെ ഏഴ് തവണയാണ് ഈശ്വർ മാൽപെ ഗംഗാവലിയിൽ പരിശോധന നടത്തിയത്. ആദ്യഘട്ടത്തിൽ നദിയിലേക്ക് ഇറങ്ങിയ ഈശ്വർ മാൽപെയുമായി ബന്ധിപ്പിച്ച കയർ പൊട്ടി 150 മീറ്ററിലേറെ ഒഴുകിപ്പോയിരുന്നു. മൂന്നാമത്തെ ഡൈവിലായിരുന്നു ഈശ്വർ മാൽപെ ഒഴുക്കിൽപ്പെട്ടത്. രക്ഷാപ്രവർത്തകരുടെ ഡെങ്കി ബോട്ടുകൾക്ക് പുറമെ മത്സ്യത്തൊഴിലാളികളുടെ ബോട്ടും നദിയിലിറക്കിയായിരുന്നു പരിശോധന.
പരിശോധനകളിൽ അടിത്തട്ടിലെത്താൻ സാധിച്ചിരുന്നില്ല. ചെളിയും മണ്ണും കല്ലും പ്രതിസന്ധി ഉയർത്തിയിരുന്നത്. മാൽപെയുടെ പരിശോധനയിൽ മൺകൂനയുടെ താഴെ മരങ്ങൾ കണ്ടെത്തിയിരുന്നു. അതേസമയം ഡ്രഡ്ജിങ് സാധ്യത പരീക്ഷിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ഡ്രഡ്ജർ എത്തിക്കാൻ പാലങ്ങളുടെ നീളം പരിശോധിച്ചെന്ന് സതീഷ് കൃഷ്ണ സെയിൽ പറർഞ്ഞു.