നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയി ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ രവി വി സോമൻ തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫിലെ മുൻ ധാരണപ്രകാരമാണ് തിരഞ്ഞെടുപ്പ് നടത്തിയത്. നെടുംകുന്നത്തെ രാഷ്ട്രീയ സാമൂഹ്യ മേഖലയിൽ തിളക്കമാർന്ന 23 വർഷം പൂർത്തിയാക്കുമ്പോളാണ് അർഹിച്ച അംഗീകാരം ശ്രീ രവി വി സോമനെ തേടിയെത്തുന്നത്.
പത്തനംതിട്ട തുരുത്തിക്കാട് ബി എ എം കോളേജിലെ വിദ്യാഭ്യാസ കാലയളവിൽ കെ എസ് യു യൂണിറ്റ് പ്രസിഡന്റ്, കെ എസ് യു പത്തനംതിട്ട ജില്ല വൈസ് പ്രസിഡന്റ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കൗൺസിലർ, യൂത്ത് കോൺഗ്രസ് നെടുംകുന്നം മണ്ഡലം പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി, ജില്ല കോൺഗ്രസ് കമ്മിറ്റി അംഗം, ഭാരതീയ ദലിത് കോൺഗ്രസ് ജില്ല പ്രസിഡന്റ്, നെടുംകുന്നം സൗത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ദീർഘകാലം വൈസ് പ്രസിഡന്റ്, 2000 മുതൽ നെടുംകുന്നം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ നിരവധി തലങ്ങളിലെ നേതൃപാടവത്തിന്റെയും പരിചയ സമ്പന്നതയുടെയും കരുത്തുമായാണ് ശ്രീ രവി വി സോമൻ നെടുകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌പദവിയിൽ എത്തുന്നത്.
പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിൽ നിന്നും പ്രതിസന്ധികളോട് പടവെട്ടി നാടിന്റെ നായകാനാകുവാൻ സുഹൃത്തുക്കളും സഹോദരങ്ങളും സ്നേഹത്തോടെ “അബുച്ചായൻ” എന്ന് വിളിയ്ക്കുന്ന രവി വി സോമന് കഴിഞ്ഞത് കഴിവും അർപ്പണബോധവും കൊണ്ടുതന്നെയാണ്.