ന്യൂ ഡൽഹി
ആഭ്യന്തര വിമാന സർവീസുകൾ മേയ് 19 മുതൽ ആരംഭിക്കും. എയർ ഇന്ത്യയും സ്വകാര്യ വിമാന കമ്പനികളും സർവീസ് നടത്തും. തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽനിന്നാകും സർവീസ് നടത്തുക.
മേയ് 19 മുതൽ ജൂൺ രണ്ടുവരെ ഇന്ത്യയുടെ വിവിധ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഷെഡ്യൂൾ എയർ ഇന്ത്യ തയ്യാറാക്കി. അതേസമയം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും സർവീസ് ഇല്ല. കേരളത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കു മാത്രമാണ് എയർ ഇന്ത്യ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ഡൽഹി, ജയ്പുർ, ബെംഗളൂരു, ഹൈദരാബാദ്, അമൃത്സർ, കൊച്ചി, അഹമ്മദാബാദ്, വിജയവാഡ, ഗയ, ലഖ്നൗ തുടങ്ങിയ വിമാനത്താവളങ്ങൾ സർവീസിന് പ്രവർത്തന സജ്ജമാകുമെന്ന് അറിയിച്ചിട്ടുണ്ട്.
ഡൽഹിയിൽനിന്ന് കൊച്ചിയിലേക്ക് 12 വിമാനങ്ങളാണ് മേയ് 19 മുതൽ ജൂൺ രണ്ടു വരെയുള്ള സമയത്ത് എയർ ഇന്ത്യ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മുംബൈയിൽനിന്ന് വിശാഖപട്ടണത്തേക്കും മുംബൈയിൽനിന്ന് കൊച്ചിയിലേക്കും സർവീസുകളുണ്ടാകുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. കൊച്ചിയിൽനിന്ന് ചെന്നൈയിലേക്ക് മേയ് 19ന് ഒരു സർവീസ് എയർ ഇന്ത്യ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ഘട്ടംഘട്ടമായി ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഷെഡ്യൂളുകൾ തീരുമാനിച്ചിരിക്കുന്നതെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. ഡൽഹിയിൽനിന്ന് ഇക്കാലയളവിൽ 173 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിൽ 40 എണ്ണം മുംബൈയിലേക്കാണ്. 25 എണ്ണം ഹൈദരബാദിലേക്കാണ്. 12 എണ്ണം കൊച്ചിയിലേക്കും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.