Pravasimalayaly

‘ആയുധങ്ങളുമായി അക്രമകാരികള്‍ വഴിയില്‍’; രാഹുലിനെ തടഞ്ഞ് മണിപ്പൂര്‍ പൊലീസ്

ഇംഫാല്‍: മണിപ്പൂരിലെ സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞു.  വിമാനത്താവളത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ വിഷ്ണുപുരില്‍ ബാരിക്കേഡ് സ്ഥാപിച്ചാണു രാഹുലിന്റെ വാഹന വ്യൂഹം
തടഞ്ഞത്. മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണെന്നും ജനം ആയുധങ്ങളുമായി അക്രമാസക്തരായി നില്‍ക്കുകയാണെന്നും പൊലീസ് പറയുന്നു.

സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വാഹനം തടഞ്ഞതെന്നാണ് പൊലീസിന്റെ വിശദീകരണം. ഇന്ന് രാവിലെയും ഇന്നലെയുമായി ഹില്‍ ഏരിയയില്‍ വെടിവയ്പുകള്‍ നടന്നിരുന്നു. ജനങ്ങള്‍ ആയുധങ്ങളുമായി കാത്തിരിക്കുകയാണ്. മുന്നോട്ടുപോയാല്‍ വലിയ അപകടം ഉണ്ടാകും. രാഹുല്‍ ഗാന്ധിയുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് വാഹനങ്ങള്‍ തടഞ്ഞതെന്നും വിഷ്ണുപൂര്‍ എസ്പി പറഞ്ഞു. 

അതേസമയം, മുഖ്യമന്ത്രി നേരിട്ട് പറഞ്ഞതിനനുസരിച്ചാണ് രാഹുല്‍ ഗാന്ധിയെ തടഞ്ഞതെന്ന് മണിപ്പൂര്‍ പിസിസി പ്രസിഡന്റ് പറഞ്ഞു. ഇവിടെ സുരക്ഷാ  പ്രശ്‌നങ്ങളൊന്നുമില്ല. സമാധാന ദൗത്യവുമായാണ് രാഹുല്‍ എത്തിയത്. ജനം അദ്ദേഹത്തെ സ്വാഗതം ചെയ്യുകയാണ്. രാഷ്ട്രീയപ്രേരിതമായാണ് രാഹുലിനെയും കൂട്ടരെയും തടഞ്ഞുവച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാവിലെ 11 മണിയോടെയാണു രാഹുല്‍ തലസ്ഥാനമായ ഇംഫാലില്‍ എത്തിയത്. കുക്കി മേഖലയായ ചുരാചന്ദ്പുരാണ് ആദ്യം സന്ദര്‍ശിക്കുക. റോഡ് മാര്‍ഗമാണു രാഹുല്‍ പോകുന്നത്. സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്ന് മണിപ്പുര്‍ പൊലീസ് പറഞ്ഞെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്നു രാഹുല്‍ അറിയിച്ചു. ഇന്ന് മണിപ്പുരില്‍ തങ്ങുന്ന രാഹുലിന്റെ കൂടെ, കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമുണ്ട്. ഉച്ചയ്ക്കു ശേഷം ഇംഫാലിലേക്കു മടങ്ങുന്ന രാഹുല്‍ മെയ്‌തെയ് അഭയാര്‍ഥി ക്യാംപുകളിലെത്തും. തുടര്‍ന്ന് മെയ്‌തെയ് നേതാക്കളുമായി ചര്‍ച്ച നടത്തും.

Exit mobile version