Saturday, November 23, 2024
HomeNewsKeralaആരോഗ്യരംഗത്ത് കേരളം ഗ്രാഫുയര്‍ത്തി: മന്ത്രി എ.സി.മൊയ്തീന്‍

ആരോഗ്യരംഗത്ത് കേരളം ഗ്രാഫുയര്‍ത്തി: മന്ത്രി എ.സി.മൊയ്തീന്‍

ആര്‍ദ്രകേരളം പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

നിപയെ ശക്തിയായി പ്രതിരോധിക്കാന്‍ കഴിഞ്ഞതിലൂടെ ആരോഗ്യരംഗത്ത് ലോകത്തിനുമുന്നില്‍ കേരളം ഗ്രാഫുയര്‍ത്തിയതായി തദ്ദേശസ്വയംഭരണമന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി നല്‍കുന്ന 2017-18 ലെ ആര്‍ദ്ര കേരളം പുരസ്‌കാരവിതരണച്ചടങ്ങ് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഒന്നിച്ച് പ്രവര്‍ത്തിക്കും. രോഗപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിനൊപ്പം നിന്ന് ലക്ഷ്യബോധത്തോടെയുള്ള മാതൃകാപരമായ പ്രവര്‍ത്തനമാണ് തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. നിപ വൈറസ് ബാധ സമയത്തും പ്രളയസമയത്തും ഈ കൂട്ടായ്മ നമ്മള്‍ കണ്ടതാണ്. രോഗപ്രതിരോധ രംഗത്തും ആശുപത്രികളില്‍ പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നതിലും ഈ വകുപ്പുകള്‍ ചേര്‍ന്ന് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യസംവിധാനം ഏറ്റവും മികവുറ്റതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന്റെ ഫലമായി പൊതുജനാരോഗ്യസംവിധാനങ്ങളെ ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്നതായി കണക്കുകള്‍ തെളിയിക്കുന്നു. ആര്‍ദ്രം പദ്ധതി കേരളത്തിന്റെ വികസനത്തിന്റെ നാഴികക്കല്ലാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ വലിയ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിയത്. 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കു കീഴിലും മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്റെ കീഴിലുമുള്ള ആശുപത്രികളില്‍ വലിയ വികസനപ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. ദേശീയാരോഗ്യദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത സ്വാഗതമാശംസിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ഐ.എസ്.എം. ഡയറക്ടര്‍ ഡോ. പ്രിയ കെ.എസ്., ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. കെ. ജമുന, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. സുഭാഷ്, കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് കെ. തുളസി ടീച്ചര്‍ എന്നിവരും പങ്കെടുത്തു. മന്ത്രി എ.സി. മൊയ്തീന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വിഭാഗത്തില്‍ കൊല്ലം, കോര്‍പ്പറേഷന്‍ വിഭാഗത്തില്‍ കൊല്ലം കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി വിഭാഗത്തില്‍ കട്ടപ്പന, ഇടുക്കി ജില്ല, ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തില്‍ നീലേശ്വരം, കാസര്‍കോട്് ജില്ല, ഗ്രാമ പഞ്ചായത്ത് വിഭാഗത്തില്‍ കിളിമാനൂര്‍, തിരുവനന്തപുരം ജില്ല എന്നിവ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. 10 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ജില്ലാ പഞ്ചായത്ത് വിഭാഗത്തില്‍ കോഴിക്കോട്, കോര്‍പ്പറേഷന്‍ വിഭാഗത്തില്‍ തൃശൂര്‍, മുനിസിപ്പാലിറ്റി വിഭാഗത്തില്‍ അങ്കമാലി, എറണാകുളം ജില്ല, ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തില്‍ റാന്നി, പത്തനംതിട്ട, ജില്ല ഗ്രാമ പഞ്ചായത്ത് വിഭാഗത്തില്‍ മുത്തോലി, കോട്ടയം ജില്ല എന്നിവ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടി. ജില്ലാ പഞ്ചായത്ത് വിഭാഗത്തില്‍ മലപ്പുറം, മുനിസിപ്പാലിറ്റി വിഭാഗത്തില്‍ കൂത്താട്ടുകുളം, എറണാകുളം ജില്ല, ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തില്‍ ശ്രീകൃഷ്ണപുരം, പാലക്കാട് ജില്ല, ഗ്രാമ പഞ്ചായത്ത് വിഭാഗത്തില്‍ ആലപ്പാട്, കൊല്ലം ജില്ല എന്നിവ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments