Pravasimalayaly

ആര്യാടൻ ഷൗക്കത്തിനൊപ്പമുള്ള എ ഗ്രൂപ്പ് നേതാക്കൾ ഇന്ന് കെപിസിസി അച്ചടക്ക സമിതിക്ക് മുന്നിൽ

ആര്യാടൻ ഷൗക്കത്തിന് ഒപ്പമുള്ള എ ഗ്രൂപ്പ് നേതാക്കൾ ഇന്ന് കെപിസിസി അച്ചടക്ക സമിതിക്ക് മുന്നിലെത്തും. മലപ്പുറം ഡിസിസി പ്രസിഡന്റ് ഉൾപ്പടെ ഉള്ള നേതാക്കൾ ഈ മാസം പതിമൂന്നിന് മാത്രമേ ഹാജരാകൂ. പ്രശ്‌നത്തിൽ വേഗം തീരുമാനം എടുക്കണമെന്നാണ് ആര്യാടൻ ഷൗകത്തിന്റെ ആവശ്യം.

മലപ്പുറത്തെ കോൺഗ്രസിൽ വിഭാഗീയത രൂക്ഷമായതിനെ തുടർന്നാണ് കെപിസിസി അച്ചടക്ക സമിതിക്ക് മുന്നിൽ ആര്യാടൻ ഷൗക്കത്ത് എത്തിയത്.ഷൗക്കത്തിന്റെ നിർദേശപ്രകാരമാണ് മുൻ എംപി സി ഹരിദാസ് ,യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി തുടങ്ങിയ 16 പേരുടെ മൊഴി എടുക്കുന്നത്.

ഡിസിസി പ്രസിഡന്റും എപി അനിൽകുമാർ എംഎൽഎയും ചേർന്നാണ് വിഭാഗീയ പ്രവർത്തനം നടത്തിയത് എന്നും അതിന്റെ തെളിവുകൾ ഹാജരാക്കും എന്നുമാണ് ഇവർ പറയുന്നത്.ഡിസിസി പ്രസിണ്ടന്റിനോടും അനില്കുമാറിനോട് ഇന്ന് ഹാജരാകാൻ അച്ചടക്ക സമിതി നിർദേശിച്ചിരുന്നെങ്കിലും ഇവർ കൂടുതൽ സമയം ചോദിച്ചു.പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിനുള്ള ആര്യാടൻ ഷൗക്കത്തിനുള്ള വിലക്ക് ഈ മാസം 13 ന് തീരും.പ്രശ്നത്തിൽ വേഗം തീരുമാനം എടുക്കണമെന്നാണ് ആര്യാടൻ ഷൗക്കത്തിന്റെ ആവശ്യം.

എന്നാൽ ആര്യാടൻ ഷൗക്കത്തിനെതിരെ ശക്തമായ നടപടിക്ക് സാധ്യതയില്ല.കെ മുരളീധരന് പിന്നാലെ ശശി തരൂരും ഷൗകത്തിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്ത് വന്നിരുന്നു.ഇന്നലെ മലപ്പുറത്ത് എത്തിയ വിഡി സതീശൻ പ്രശ്നത്തിൽ ഉചിതമായ നടപടി എടുക്കും എന്നാണ് പറഞ്ഞത്.

Exit mobile version