Pravasimalayaly

ആര്യ രാജേന്ദ്രൻ രാജിവയ്ക്കേണ്ട; മേയറെ പിന്തുണച്ച് സിപിഎം

തിരുവനന്തപുരം ∙ കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മേയർ രാജിവയ്ക്കേണ്ട കാര്യമില്ലെന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. പരാതികളെ സംബന്ധിച്ച് വിജിലൻസും അന്വേഷിക്കുന്നുണ്ട്. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ കൂടുതൽ നടപടികൾ വേണ്ടെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.

ആര്യ രാജേന്ദ്രന്റെയും കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിലിന്റെയും കത്തിലാണ് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിന്റെ നിർദേശ പ്രകാരം അന്വേഷണം തുടങ്ങിയത്. അഴിമതിയുണ്ടോ എന്ന പ്രാഥമിക അന്വേഷണം നടത്താനാണ് വിജിലൻസ് ഡയറക്ടറുടെ ഉത്തരവ്. കത്തു വിവാദത്തിൽ രാജിവയ്ക്കില്ലെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു. കൗൺസിലർമാരുടെയും ജനങ്ങളുടെയും പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരും. മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും ആര്യ പറഞ്ഞു.

കോര്‍പറേഷനിലെ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ നിയമിക്കാന്‍ ലിസ്റ്റ് ചോദിച്ച് ആര്യ രാജേന്ദ്രനും, എസ്എടി ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ പാർട്ടി ലിസ്റ്റ് ചോദിച്ച് ഡി.ആർ.അനിലും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്ത് പുറത്തുവന്നിരുന്നു.

Exit mobile version