ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കാതെ വെള്ളാപ്പള്ളി; ‘ ഇങ്ങോട്ടു സഹായിക്കുന്നവരെ തിരിച്ചു സഹായിക്കും’

0
23

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കാതെ എന്‍എന്‍ഡിപി യോഗത്തിന്റെ നിലപാടു പ്രഖ്യാപനം. ചെങ്ങന്നൂരില്‍ എസ്എന്‍ഡിപി യോഗത്തോട് കൂറും സ്‌നേഹവും പുലര്‍ത്തുന്നവരെ സഹായിക്കുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മനസ്സാക്ഷി വോട്ടിനല്ല എസ്എന്‍ഡിപി യോഗം ആഹ്വാനം ചെയ്യുന്നതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. ഈ നിലപാടിന് മനസ്സാക്ഷി വോട്ടുമായി വ്യത്യാസമുണ്ട്. ഇങ്ങോട്ടു സഹായിക്കുന്നവരെ തിരിച്ചു സഹായിക്കും എന്നതാണ് നിലപാട്. ഇതു സമദൂരമോ മനസ്സാക്ഷി വോട്ടെ അല്ല. സമദൂരത്തിലും ഒരു ദൂരമുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. യോഗത്തിന്റെ നിലപാടു സംബന്ധിച്ച് മാവേലിക്കര, ചെങ്ങന്നൂര്‍ യൂണിയനുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി അറിയിച്ചു.

ചെങ്ങന്നൂരില്‍ തുടക്കത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ ആയിരുന്നു മുന്നില്‍. ഇപ്പോള്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ ആരു ജയിച്ചാലും തോറ്റാലും അവകാശപ്പെടാനില്ല. പിന്തുണ രാഷ്ട്രീയം നോക്കിയല്ല. സമുദായത്തെ സ്‌നേഹിക്കുന്നവരെ സഹായിക്കണം എന്നതാണ് നിലപാട്. ഇതിന് യോഗം പ്രവര്‍ത്തകര്‍ക്കു യുക്തമായ തീരുമാനമെടുക്കാമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

Leave a Reply