ആറിഞ്ച് പൈപ്പിലൂടെ കാമറ കടത്തിവിട്ടു;  തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത്; വാക്കി ടോക്കിയിലൂടെ സംസാരിച്ചു; ‘എല്ലാവരും സുരക്ഷിതര്‍’

0
20

ഡെറാഡൂണ്‍; ഉത്തരാഖണ്ഡിലെ ഉത്തരകാശി സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നു. തുരങ്കത്തിലൂടെ കടത്തിവിട്ട എന്‍ഡോസ്‌കോപി കാമറ ദൃശ്യങ്ങളാണ് പുറത്തു വന്നത്. തൊഴിലാളികള്‍ ആരോഗ്യവാന്മാരാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. 

തുരങ്കം ഇടിഞ്ഞതിനെത്തുടര്‍ന്നുള്ള അവശിഷ്ടങ്ങള്‍ക്കിടയിലൂടെ, സ്ഥാപിച്ച ആറിഞ്ച് പൈപ്പിലൂടെയാണ് കാമറ കടത്തിവിട്ടത്. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുമായി രക്ഷാപ്രവര്‍ത്തകര്‍ വാക്കി ടോക്കിയിലൂടെ സംസാരിച്ചു. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ പൈപ്പിലൂടെ എത്തിച്ചു നല്‍കി. 

രക്ഷാപ്രവര്‍ത്തകര്‍ ഇന്നലെ കിച്ച്ഡി ഗ്ലാസ് ബോട്ടിലില്‍ തൊഴിലാളികള്‍ക്ക് എത്തിച്ചു നല്‍കി. ഇതുവരെ ഡ്രൈ ഫ്രൂട്ട്‌സ് ആണ് നല്‍കിക്കൊണ്ടിരുന്നത്. സില്‍ക്യാര ടണല്‍ തകര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി 41 തൊഴിലാളികള്‍ ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. 

തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മലമുകളില്‍ നിന്ന് തുരന്ന് താഴേക്ക് ഇറങ്ങി തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി അന്താരാഷ്ട്ര ടണലിങ് വിദഗ്ധന്‍  അര്‍നോള്‍ഡ് ഡിക്സ് സ്ഥലത്തെത്തിയിട്ടുണ്ട്.

Leave a Reply