ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം അവൻ വരുന്നെന്ന് പൃഥ്വിരാജ്; ഇന്ദുചൂഢനോ എന്ന് ആരാധകർ

0
37

‘മെമ്മറീസി’ന്റെ രണ്ടാം ഭാഗമാണോ എന്നാണ് ആരാധകരിൽ ചിലരുടെ ചോദ്യം

ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം അവൻ വരുന്നു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ പോസ്റ്റിന്റെ പിന്നാലെ ഏതായിരിക്കും പുതിയ ചിത്രമെന്ന പ്രവചനങ്ങളും ഊഹാപോഹങ്ങളും ശക്തമായി കഴിഞ്ഞു. പൃഥ്വിരാജ് ചിത്രങ്ങളായ ‘മെമ്മറീസ്’, ‘സെവൻത് ഡേ’ ഇവയിലേതെങ്കിലും ഒന്നിന്റെ രണ്ടാം ഭാഗമായിരിക്കുമെന്നാണ് ഒരു വിഭാഗം ആരാധകരുടെ പ്രവചനം.

എന്നാൽ അതല്ല, ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ‘സിംഹാസന’ത്തിന്റെ രണ്ടാം ഭാഗമാവാനാണ് സാധ്യതയേറെ എന്നാണ് മറ്റൊരു കൂട്ടം ആരാധകരുടെ കണ്ടെത്തൽ. ഷാജി കൈലാസും തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ഇതേ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ചുരുട്ട് കത്തിച്ച് പിടിച്ച ഒരു കൈയും കുരിശുമാണ് പോസ്റ്ററിൽ നിറയുന്നത്. ​

‘സിനിമാ ദൈവങ്ങളെ അത് ‘സാം അലക്സ്‌’ ആയിരിക്കണേ…’ എന്നാണ് ചില ആരാധകരുടെ പ്രാർത്ഥന. ജീത്തു ജോസഫ് സംവിധാനം ചെയ്ത ക്രൈം ത്രില്ലർ സിനിമയായ ‘മെമ്മറീസി’ന്റെ രണ്ടാം ഭാഗമാണോ എന്നാണ് ആരാധകരിൽ ചിലരുടെ ചോദ്യം. ചിത്രത്തിലെ സാം അലക്സ് എന്ന പൊലീസ് കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

ആറുവർഷത്തെ ഇടവേളയ്ക്കു വരാൻ ഇതാര് പൂവള്ളി ഇന്ദുചൂഢനോ? ഇന്ദുചൂഢനല്ലാതെ വെറെ ആർക്കാണ് ആറു വർഷത്തെ ഇടവേള ഇവിടെ? തുടങ്ങിയ രസകരമായ കമന്റുകളുമായി ‘നരസിംഹം’ ചിത്രത്തിന്റെ ആരാധകരും രംഗത്തുണ്ട്. ഏതാവും പുതിയ പൃഥ്വിരാജ് ചിത്രം എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

‘ബ്രദേഴ്സ് ഡേ’യാണ് ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ പൃഥ്വിരാജ് ചിത്രം. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ‘ഡ്രൈവിംഗ് ലൈസൻസ്’, ‘അയ്യപ്പനും കോശിയും’,
ബ്ലെസ്സിയുടെ ‘ആടുജീവിതം’ ‘കാളിയൻ’, ‘അയ്യപ്പൻ’ തുടങ്ങി നിരവധി ചിത്രങ്ങളാണ് പൃഥ്വിയുടേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്. ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്റെ’ പ്രീ പ്രൊഡക്ഷൻ വർക്കുകളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Leave a Reply