ആലുവയിൽ യുവാവിനെ മർദ്ദിച്ച നാല് പൊലീസുകാർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ്

0
32

ആലുവ: ഇന്നലെ വൈകുന്നേരം നാട്ടുകാരുടെ മുന്നിലിട്ട് എടത്തല സ്വദേശി ഉസ്‌മാനെ മഫ്തിയിലായിരുന്ന പൊലീസുകാർ മർദ്ദിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ. കുറ്റക്കാരായ നാല് പൊലീസുകാർക്കെതിരെയാണ് ആലുവ ഡിവൈഎസ്‌പി സസ്‌പെൻഷന് ശുപാർശ ചെയ്തത്.

ഉസ്‌മാന്റെ പരാതിയിൽ എടത്തല പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുദ്യോഗസ്ഥർക്ക് എതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 324, 325, 330, 344 വകുപ്പുകൾ ചേർത്ത് കേസ് റജിസ്റ്റർ ചെയ്തതായാണ് അറിയാൻ സാധിച്ചത്.

ഗൾഫിൽ നിന്നു രണ്ടു മാസത്തെ അവധിക്കു നാട്ടിലെത്തിയ കുഞ്ചാട്ടുകര മരുത്തുംകടി ഉസ്‌മാനാണ് (38) ഇന്നലെ വൈകുന്നേരം അഞ്ചരയോടെ എടത്തല ടൗണിൽ വച്ച് പൊലീസ് മർദ്ദനമേറ്റത്.

പോസ്കോ കേസിലെ പ്രതിയുമായി എടത്തല എസ്ഐയുടെ കാറിൽ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന നാല് പൊലീസുകാരാണ് മർദ്ദിച്ചത്. ഇവരുടെ കാറ് ഉസ്‌മാന്റെ ബൈക്കിൽ ഇടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദ്ദനം.

മർദ്ദനത്തിൽ ഉസ്മാന്റെ കവിളെല്ലിൽ പൊട്ടലുളളതായി കണ്ടെത്തി. ഇതേ തുടർന്നാണ് നാല് പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്. ഇവർക്കെതിരെ ഇന്ന് രാവിലെയാണ് ഇവർക്കെതിരെ കേസെടുത്തത്. മർദ്ദനത്തിന് ശേഷം ഉസ്‌മാനെ പൊലീസ് സംഘം ഇതേ കാറിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ക്വട്ടേഷൻ സംഘമാണ് ആക്രമണം നടത്തിയതെന്ന് സംശയിച്ച് നാട്ടുകാരും ബന്ധുക്കളും പരാതിയുമായി പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോഴാണ് ആക്രമിച്ചത് പൊലീസുകാരാണെന്ന് മനസിലായത്. പിന്നീട് പൊലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി.

ഇതിനിടെ ഉസ്‌മാനെതിരെ കേസെടുത്ത പൊലീസ് സംഘം കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്നും മർദ്ദിച്ചെന്നും കുറ്റം ചുമത്തി. ആശുപത്രിയിലേക്ക് കൊണ്ടുപോയ ഉസ്‌മാനെ ഇവിടെ നിന്ന് മജിസ്ട്രേറ്റിന്റെ അടുത്തേക്ക് കൊണ്ടുപോകാനുളള നീക്കം നാട്ടുകാർ തടഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായി. ഇതിനിടെ വനിത പൊലീസ് ഓഫീസർക്ക് പരുക്കേറ്റു.

ഇന്നലെ പൊലീസ് നടത്തിയ ആക്രമണത്തിൽ ഉസ്‌മാന് പരുക്കേറ്റിരുന്നു. ഇദ്ദേഹത്തിന്റെ കീഴ്‌താടിയെല്ലിന് പൊട്ടലുളളത് കൊണ്ട് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിവരം. നാട്ടുകാരുടെയും ബന്ധുക്കളുടെയും നിർബന്ധത്തിന് വഴങ്ങി ഇന്നലെ തന്നെ ആലുവ ഡിവൈഎസ്‌പി ഉസ്‌മാനെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റാൻ സമ്മതിച്ചിരുന്നു. ഇദ്ദേഹത്തെ ഇന്ന് രാവിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

Leave a Reply