Pravasimalayaly

ആശങ്കയിൽ കോട്ടയം : കോവിഡ് ബാധിച്ചവർ വീട്ടിൽ തന്നെ : സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതർ

കോട്ടയം

കോട്ടയത്ത് കോവിഡ് സ്‌ഥിരീകരിച്ച മണർകാട്, ചാന്നാനിക്കാട് എന്നിവിടങ്ങളിലെ രണ്ട് പേരെ വീട്ടിൽ തുടരുന്നു. ഇവരെ ആശുപത്രിയിൽ എത്തിയ്ക്കാൻ ആംബുലൻസ് ഇല്ലെന്നുള്ള വിശദീകരണ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായതായാണ് റിപ്പോർട്ടുകൾ.

അതേസമയം കോട്ടയത്തു ഇന്ന് 6 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജില്ല അതീവ ജാഗ്രതയിലാണ്. ജില്ലയിൽ കോവിഡ് സമൂഹ വ്യാപനസാധ്യത തള്ളിക്കളയാനാകില്ല എന്ന് ജില്ലാ കളക്ടർ പി കെ സുധീർ ബാബു പറഞ്ഞു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കോട്ടയം മാർക്കറ്റിലെ ചുമട്ട് തൊഴിലാളിയുടെ കൂടെ ജോലി ചെയ്യുന്നയാൾക്കും ചുമട്ട് തൊഴിലാളിയുടെ വിവരങ്ങൾ ശേഖരിച്ച ആരോഗ്യ പ്രവർത്തകനും ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തുനിന്ന് എത്തിയ ആരോഗ്യപ്രവർത്തകന്റെ ബന്ധുവായ കുഴിമറ്റം സ്വദേശിനിക്കും ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചു. ഇതോടൊപ്പം മണർകാട് സ്വദേശിയായ ട്രക്ക് ഡ്രൈവർക്കും ചങ്ങനാശേരിയിൽ ആക്രി കച്ചവടം ചെയ്യുന്ന തമിഴ്‌നാട് സ്വദേശിക്കും സേലത്തുനിന്ന് വന്ന മേലുകാവുമറ്റം സ്വദേശിനിയായ ബാങ്ക് ജീവനക്കാരിക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് പടരുന്നത് ആശങ്കയോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി സെക്കണ്ടറി കോണ്ടാക്ടുകൾ കണ്ടെത്താൻ ആരോഗ്യ വകുപ്പ് ഊർജ്ജിതമായ ശ്രമങ്ങളാണ് നടത്തുന്നത്. ജനങ്ങൾ കൂടുതലായി ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. ജില്ലയിൽ നിലവിൽ 17 പേർക്കാണ് ഇപ്പോൾ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലാ അതിർത്തികൾ അടയ്ക്കാൻ തീരുമാനിച്ചതായി ജില്ലാ കളക്ടർ പറഞ്ഞു. ജില്ല അതിർത്തി കടന്നുള്ള യാത്രകൾ അനുവദിക്കില്ല. അവശ്യ സന്ദർഭങ്ങളിൽ ജില്ലാ അതിർത്തി കടന്നുള്ള യാത്രകൾക്ക് പ്രത്യേകം അനുമതി വാങ്ങണം.

ജില്ലയില്‍ ഇന്ന് കോവിഡ്- 19 സ്ഥിരീകരിച്ചവര്‍

  1. കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി(40) മുട്ടമ്പലം സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോണ്‍ടാക്ട്.
  2. കുഴിമറ്റം സ്വദേശിനി(56). രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തുനിന്ന് എത്തിയ ആരോഗ്യപ്രവര്‍ത്തകന്റെ ബന്ധു.
  3. മണര്‍കാട് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍(43). കോഴിക്കോട് ജില്ലയില്‍ പോയിരുന്നു.
  4. ആക്രി കച്ചവടം ചെയ്യുന്ന തമിഴ്‌നാട് സ്വദേശി(46) ചങ്ങനാശേരിയില്‍ താമസിക്കുന്നു. തൂത്തുക്കുടിയില്‍ പോയിരുന്നു.
  5. സേലത്തുനിന്ന് വന്ന ബാങ്ക് ജീവനക്കാരി(28). മേലുകാവുമറ്റം സ്വദേശിനി.
  6. കോട്ടയത്തെ ആരോഗ്യപ്രവര്‍ത്തകന്‍(40). വടവാതൂര്‍ സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോണ്‍ടാക്ട്
Exit mobile version