കോവിഡ് പ്രശ്നങ്ങള്‍ കാരണം അഞ്ച് ആശുപത്രികള്‍ അഡ്മിറ്റ് ചെയ്യാൻ തയാറാകാത്തതിനെത്തുടര്‍ന്ന് മലയാളി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ 27കാരിക്കാണ് ദുരനുഭവം.
ബെംഗളൂരു ഗോരേപാളയയിൽ താമസിക്കുന്ന ഇവർ പ്രസവവേദനയെത്തുടർന്ന് ശനിയാഴ്ച രാത്രിയാണ് അമ്മക്കും സഹോദരനുമൊപ്പം ആശുപത്രിയിലേക്ക് പോയത്. എന്നാൽ കോവിഡിന്റെ പേരിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തില്ല. കോവിഡ് മൂലം പുതിയ രോഗികളെ എടുക്കുന്നില്ലെന്നായിരുന്നു മറുപടി.
തുടർന്ന് മറ്റൊരാശുപത്രിയിൽ എത്തിച്ചെങ്കിലും ഇതേ മറുപടി തന്നെ ലഭിച്ചു. അഞ്ച് ആശുപത്രികളിൽ പോയെങ്കിലും എല്ലായിടത്തും സമാന അനുഭവമായിരുന്നു. ഒടുവിൽ വഴിമധ്യേ സിദ്ധാപുരയിൽ വച്ച് ഓട്ടോറിക്ഷക്കുള്ളിൽ പ്രസവിക്കുകയായിരുന്നു.
പിന്നാലെ, മലയാളി സംഘടനകളുടെ സഹായത്തോടെ ബെംഗളൂരു കിംസ് ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഇവരെ സന്ദർശിച്ച എംഎൽഎ സമീർ അഹമ്മദ് ഖാൻ ധനസഹായം നൽകി