Pravasimalayaly

ആശ്വാസം; വയനാട് കേണിച്ചിറയില്‍ ഇറങ്ങിയ കടുവ വനം വകുപ്പിന്റെ കൂട്ടിലായി

വയനാട് പൂതാടി പഞ്ചായത്തിലെ കേണിച്ചിറയിൽ ഇറങ്ങിയ കടുവ കൂട്ടിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഞായറാഴ്ച 11.05ഓടെയാണ് കടുവ കുടുങ്ങിയത്. പശുക്കളെ കൊന്ന തൊഴുത്തിൽ വീണ്ടുമെത്തി മണിക്കൂറുകൾക്കുള്ളിലാണ് കടുവ കുടുങ്ങിയത്. മയക്കുവെടി വയ്‌ക്കാതെ തന്നെ കടുവയെ പിടിക്കാനായതിന്റെ ആശ്വാസത്തിലാണ് വനംവകുപ്പ്. പത്തു വയസ്സുള്ള ‘തോല്‍പ്പെട്ടി 17’ എന്ന ആണ്‍ കടുവയാണ് കേണിച്ചിറയില്‍ ഇറങ്ങിയതെന്ന് വനം വകുപ്പ് തിരിച്ചറിഞ്ഞിരുന്നു.

മാളിയേക്കല്‍ ബെന്നിയുടെ വീടിനു സമീപമുള്ള തൊഴുത്തിലാണ് ഞായറാഴ്ച രാത്രി വീണ്ടും കടുവയെത്തിയത്. വീട്ടുകാര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചില്‍ അവസാനിപ്പിച്ചതിനു പിന്നാലെയാണ് തൊഴുത്തില്‍ കടുവയെത്തിയത്. പ്രദേശത്ത് നാല് പശുക്കളെയാണ് കടുവ കൊന്നത്.

ബെന്നിയുടെ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന രണ്ട് പശുക്കളെ ഞായറാഴ്ച പുലര്‍ച്ചെയാണ് കടുവ ആക്രമിച്ചത്. ശബ്ദം കേട്ടെത്തിയ ബെന്നി ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ കടുവയെ കണ്ടിരുന്നു. കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് ചത്ത പശുക്കളുടെ ജഡവുമായി നാട്ടുകാര്‍ നടുറോഡില്‍ കുത്തിയിരിപ്പ് സമരവും നടത്തി.

കടുവയെ മയക്കുവെടി വയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആർആർടി സംഘം കേണിച്ചിറയിലെത്തി കടുവയ്ക്കായി തിരച്ചിലാരംഭിചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ അവസാനിപ്പിക്കുകയായിരുന്നു. കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി പൂതാടി ഗ്രാമ പഞ്ചായത്ത് 2, 16, 19 വാർഡുകളിൽ അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് കെ.ദേവകി തിങ്കളാഴ്ച വരെ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

Exit mobile version