Saturday, November 23, 2024
HomeSportsFootballഇംഗ്ലണ്ടിനെ വീഴ്ത്തി ക്രൊയേഷ്യ ഫൈനലിലേക്ക്

ഇംഗ്ലണ്ടിനെ വീഴ്ത്തി ക്രൊയേഷ്യ ഫൈനലിലേക്ക്

മോസ്‌കോ: എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട സെമി പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ക്രൊയേഷ്യയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ചാണ് ക്രൊയേഷ്യ ഫൈനലില്‍ സ്ഥാനമുറപ്പിച്ചത്.

സൂപ്പര്‍താരം മരിയോ മാന്‍സൂക്കിച്ച് എക്‌സ്ട്രാ ടൈമില്‍ നേടിയ ഗോളിലാണ് സമനില ഭേദിച്ച് ക്രൊയേഷ്യ ലീഡ് സ്വന്തമാക്കിയത്. ഇംഗ്ലിഷ് ബോക്‌സിലേക്ക് വന്ന പന്ത് ഇവാന്‍ പെരിസിച്ച് ഹെഡ് ചെയ്ത് മാന്‍സുകിച്ചിന് നല്‍കുകയായിരുന്നു. ഇംഗ്ലണ്ട് പ്രതിരോധനിരയേയും ഗോളിയെയും കടന്ന് മാന്‍സുക്കിച്ച് ഗോളവല കുലുക്കി. കളിയുടെ 109-ാം മിനിറ്റിലായിരുന്നു ഗോള്‍.

ഫിഫ റാങ്കിങ്ങില്‍ ഇരുപതാം സ്ഥാനക്കാരായ  ക്രൊയേഷ്യയുടെ ചരിത്രനേട്ടത്തിനാണ് പിന്നീട് ലുഷ്‌നിക്കി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ക്രായേഷ്യയുടെ രണ്ടാം ഗോളിന് മറുപടി നല്‍കാനാകാതെ വിയര്‍ത്ത ഇംഗ്ലീഷ് പടയ്ക്ക് ഒടുവില്‍ പരാജയം. മറുവശത്ത് ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിലെത്തിയ ആവേശത്തില്‍ ക്രൊയേഷ്യന്‍ താരങ്ങളുടെ ആഘോഷം.

തുടക്കം മുതല്‍ ആവേശം ചോരാതെനിന്ന മത്സരത്തില്‍ ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ മുന്നിട്ടുനിന്ന ഇംഗ്ലണ്ടിനെ സമനിലയില്‍ പിടികൂടാന്‍ ക്രൊയേഷ്യയ്ക്ക് 67-ാം മിനിറ്റുവരെ പൊരുതേണ്ടിവന്നു. ഇംഗ്ലണ്ടിനായി അഞ്ചാം മിനിറ്റില്‍ കീറന്‍ ട്രിപ്പിയര്‍ നേടിയ ഗോളിന് ഇവാന്‍ പെരിസിച്ചാണ് ക്രൊയേഷ്യയുടെ മറുപടി ഗോള്‍ വലയിലെത്തിച്ചത്.

നിശ്ചിത സമയത്ത് ഇരുടീമുകളും ഒപ്പത്തിനൊപ്പം നീങ്ങിയതോടെയാണ് ഇംഗ്ലണ്ട്-ക്രൊയേഷ്യ സെമിഫൈനല്‍ എക്‌സ്ട്രാ ടൈമിലേക്കെത്തിയത്. എക്‌സ്ട്രാ ടൈമില്‍ ഇംഗ്ലീഷ് പ്രതിരോധ താരങ്ങള്‍ കാണിച്ച ഒരു പിഴവാണ് രണ്ടാം ഗോളിലേക്കും സെമി ജയത്തിലേക്കും ക്രൊയേഷ്യയെ എത്തിച്ചത്. ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന പന്ത് ബോക്‌സിനുള്ളിലേക്കുതന്നെ ഉയര്‍ത്തിയടിക്കുകയായിരുന്നു ഇംഗ്ലണ്ട് താരങ്ങള്‍. ഒത്തുകിട്ടിയ അവസരം പാഴാക്കാതെ മാന്‍സൂക്കിച്ച് ലക്ഷ്യംകണ്ടു.

ഇതോടെ ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ഏറ്റവും കുറഞ്ഞ ഫിഫ റാങ്കിങ്ങുള്ള ടീമായി ക്രൊയേഷ്യ. 1998ലെ ലോകകപ്പില്‍ നേടിയ മൂന്നാം സ്ഥാനത്തിന് ശേഷം ഗ്രൂപ്പ് ഘട്ടം പോലും കടക്കാന്‍ കഴിയാതിരുന്ന ടീമാണ് ഇക്കുറി ആദ്യ മത്സരം മുതല്‍ ചുവടുകള്‍ പിഴയ്ക്കാതെ ഫൈനലിലേക്ക് നടന്നടുത്തിരിക്കുന്നത്. ജൂലൈ 15ന് നടക്കുന്ന ഫൈനലില്‍ ക്രൊയേഷ്യ ഫ്രാന്‍സിനെ നേരിടും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments