Pravasimalayaly

ഇടതുപക്ഷം തിരിച്ചുവരുന്നു, ബിജെപി വിയര്‍ക്കുന്നു, കോട്ടകള്‍ കൈവിട്ട് കോണ്‍ഗ്രസ്

തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്തിനെ ചുമലിലേറ്റി ആഹ്ലാദം പങ്കിടുന്ന പ്രവര്‍ത്തകര്‍. ഫോട്ടോ: എസ്. ശ്രീകേഷ്.    

കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കുന്ന ഫലങ്ങളല്ല ഇത്. നിലവിൽ നിയമസഭയിൽ ഇടതുമുന്നണിക്ക് സുവ്യക്തമായ ഭൂരിപക്ഷമുണ്ട്. അഞ്ചിൽ അഞ്ചും യുഡിഎഫ് പിടിച്ചിരുന്നെങ്കിൽ പോലും പിണറായി വിജയന്റെ മന്ത്രിസഭയ്ക്ക് ഒരു തരത്തിലുമുള്ള ഭീഷണിയുമുണ്ടാകുമായിരുന്നില്ല. പക്ഷേ, 2021 ൽ വരാനിരിക്കുന്ന നിയമസഭാ പൊതു തിരഞ്ഞെടുപ്പിലേക്കുള്ള കൃത്യമായ ചില സൂചനകൾ അരൂരും കോന്നിയും വട്ടിയൂർക്കാവും എറണാകുളവും മഞ്ചേശ്വരവും തുറന്നിടുന്നുണ്ട്.

അരൂരിൽ ഷാനിമോളുടെ വിജയം എസ്എൻഡിപിയുടെ അവകാശവാദങ്ങളും പൊളിക്കുന്നുണ്ട്. ഷാനിമോൾക്കെതിരെ പലപ്പോഴും പരസ്യ നിലപാടുകൾ എടുത്തിട്ടള്ള വെള്ളാപ്പള്ളിയുടെ വീരവാദങ്ങളും അരൂരിൽ തകർന്നടിഞ്ഞു. സാമുദായിക സമവാക്യങ്ങൾക്കെതിരെയുള്ള ജനങ്ങളുടെ പ്രതികരണം എന്ന നിലയിലും അതുകൊണ്ടുതന്നെ ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തപ്പെടേണ്ടതായുണ്ട്. ശബരിമല എന്ന അതിവൈകാരികത കളം വിട്ടതിന്റെ സൂചനയും ഈ ഫലങ്ങളിൽ നിന്നും വായിച്ചെടുക്കാം. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന് തീർച്ചയായും ഇടതുമുന്നിയുടെ നേട്ടങ്ങളിൽ നിർണ്ണായക പങ്ക് അവകാശപ്പെടാം. പക്ഷേ, ഭരണത്തിന്റെ വിലയിരുത്തൽ എന്ന അതിവായന ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

എറണാകുളത്ത് കോൺഗ്രസിന് അടിപതറിയിരുന്നുവെങ്കിൽ അതൊരു അട്ടിമറിയാകുമായിരുന്നു. വട്ടിയൂർക്കാവും കോന്നിയും കോൺഗ്രസ് മണ്ഡലങ്ങളെന്നതിനക്കോളുപരി മുരളീധരന്റെയും അടൂർപ്രകാശിന്റെയും മണ്ഡലങ്ങളായിരുന്നു. ഈ ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മണ്ഡലം എന്നു വിശേഷിപ്പിക്കാവുന്ന ഒരിടം എറണാകുളമായിരുന്നു. എറണാകുളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ മഴയിൽ മുങ്ങിപ്പോയ ദിവസമായിരുന്നു തിരഞ്ഞെടുപ്പ്.

കോർപറേഷൻ ഡെപ്യൂട്ടി മേയർ ടി ജെ വിനോദാണ് എറണാകുളത്ത് കോൺഗ്രസിന്റെ സ്ഥാനാർത്ഥി. ഭരണത്തിന്റെ വിലയിരുത്തലായിരുന്നെങ്കിൽ എറണാകുളത്ത് വിനോദ് രക്ഷപ്പെടുമായിരുന്നില്ല. വട്ടിയൂർക്കാവും കോന്നിയും ഇടതുപക്ഷത്തിന്റെ ശിരസ്സുയർത്തുമ്പോൾ തന്നെ എറണാകുളം കോൺഗ്രസിനൊപ്പം നിന്നുവെന്നത് കാണാതിരിക്കരുത്.

Exit mobile version