ഇത് ചെറിയ കളിയല്ലെന്നു ഭീഷണിപ്പെടുത്തുന്നവരോട് ഒന്നേ പറയാനുള്ളൂ, അതു കേട്ടു പേടിക്കാന്‍ വേറെ ആളെ നോക്കണം; ശോഭാ സുരേന്ദ്രന് മറുപടിയുമായി ഷാനി പ്രഭാകരന്‍

0
41

കൊച്ചി: ഭീഷണി പെടുത്തല്‍ കേട്ട് പേടിക്കാന്‍ വേറെ ആളെ നോക്കണമെന്ന് ചാനല്‍ ചര്‍ച്ചയില്‍ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരന്‍. മനോരമ ചാനലിന്റെ തന്നെ പറയാതെ വയ്യ എന്ന പരിപാടിയിലൂടെയായിരുന്നു ഷാനിയുടെ മറുപടി. വസ്തുതകള്‍ക്കു മുന്നില്‍ ഉത്തരം മുട്ടുമ്പോള്‍ ഇത് ചെറിയ കളിയല്ലെന്നു ഭീഷണിപ്പെടുത്തുന്നവരോട് ഒന്നേ പറയാനുള്ളൂ. അതു കേട്ടു പേടിക്കാന്‍ വേറെ ആളെ നോക്കണം. അല്ലെങ്കില്‍ സത്യം പറയുന്നവരെ തൂക്കിക്കൊല്ലാന്‍ നിങ്ങളൊരു നിയമമുണ്ടാക്ക്. എന്നും പറയാതെ വയ്യയിലൂടെ ഷാനി പ്രഭാകരന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ നുണ പ്രചരണങ്ങളും അര്‍ദ്ധ സത്യങ്ങളുടെയും പുറകിലെ അജണ്ടകളും വസ്തുതകള്‍ നിരത്തിയായിരുന്നു ഷാനിയുടെ പരിപാടി. നുണകള്‍ ഒരു രാഷ്ട്രീയആയുധമാണെന്ന് തിരിച്ചറിയാതിരുന്നാല്‍ ആപത്ത് നമ്മുടെ രാജ്യത്തിനും ജനാധിപത്യത്തിനുമാണെന്നും. ഇന്ത്യയെയും ഇന്ത്യയുടെ ചരിത്രത്തെയും ഈ നുണകള്‍ക്കു വിട്ടുകൊടുക്കാതിരിക്കാന്‍ അതീവരാഷ്ട്രീയജാഗ്രത ആവശ്യമാണെന്നും ഷാനി പ്രഭാകരന്‍ പറഞ്ഞു.

രാഷ്ട്രീയനേട്ടങ്ങള്‍ക്കു വേണ്ടി ചരിത്രം വളച്ചൊടിക്കുമ്പോള്‍ നാണിച്ചു തലതാഴ്ത്തുന്നത് ഈ മഹത്തായ രാജ്യമാണ്. ദയവായി ഇന്ത്യയെ അപമാനിക്കരുതെമന്നും പരിപാടിയില്‍ ഷാനി വ്യക്തമാക്കി. നോട്ട് നിരോധനം, നീരവ് മോദി തുടങ്ങി നിരവധി വിഷയങ്ങളിലും ഷാനി പരിപാടിയിലൂടെ ചോദ്യങ്ങള്‍ ഉയര്‍ത്തി. പ്രധാനമന്ത്രിയുടെ കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചക്കിടെ ഷാനി പഭാകരനുനേരെ ഭീഷണിയുമായി ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് അംഗം ശോഭാസുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

ഭഗത് സിംഗ് ജയിലില്‍ കഴിയവേ കോണ്‍ഗ്രസിന്റെ ഒരു നേതാക്കളും അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ചില്ലെന്നായിരുന്നു മോദിയുടെ പ്രസംഗം. എന്നാല്‍ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഭഗത് സിംഗിനെ ജയിലില്‍ പോയി സന്ദര്‍ശിച്ച കാര്യം അവതാരക പറഞ്ഞെങ്കിലും ഒരു വ്യക്തി സ്വയം എഴുതിയ ആത്മകഥ എങ്ങിനെയാണ് ചരിത്രമായി അംഗീകരിക്കുക എന്നായിരുന്നു ശോഭാസുരേന്ദ്രന്റെ വാദം.

നെഹ്‌റുവിന്റെ ആത്മകഥയുടെ മുന്നില്‍ ചര്‍ച്ച മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഇതിനെ കുറിച്ച് ആരാഞ്ഞ അവതാരകയോട് ഷാനി പറഞ്ഞത് അപ്പാടെ വിഴുങ്ങാന്‍ തയ്യാറാല്ലെന്നും ഷാനിയുടെ ചര്‍ച്ചകള്‍ ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി. താന്‍ ഈ ചോദ്യത്തിന് മുകളില്‍ ഉള്ള ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുകയാണെന്നും ദയവായി ശോഭാ സുരേന്ദ്രന്റെ ശ്രദ്ധയില്‍ പ്രസംഗംപ്പെട്ടിട്ടില്ലെങ്കില്‍ തെറ്റായി വ്യാഖ്യാനിക്കരുതെന്നും പ്രധാനമന്ത്രിയുടെ പ്രസംഗം മുഴുവനായി ചര്‍ച്ചയില്‍ കാണിക്കാന്‍ കഴിയില്ലെന്നും അവതാരക പറഞ്ഞെങ്കിലും ശോഭാ സുരേന്ദ്രന്‍ തന്റെ വാദം തുടരുകയായിരുന്നു.

ഇതിനിടെ ഇത് ചെറിയ കളിയല്ല ഷാനി. ഇതിന് ഷാനി മറുപടി പറയേണ്ടി വരുമെന്നും ശോഭാ സുരേന്ദ്രന്‍ പറയുന്നുണ്ടായിരുന്നു. ഇടയ്ക്ക് അവതാരകയോട് ഹിന്ദി പഠിക്കാനും ശോഭാ സുരേന്ദ്രന്‍ പറയുന്നുണ്ടായിരുന്നു.

Leave a Reply