ഇത് ഞങ്ങളുടെ മണ്ണാണ്, തമിഴരുടെ മണ്ണ്: വെടിയുണ്ടകൊണ്ട് ഭയപ്പെടുത്താന്‍ നോക്കണ്ടേ, സമരം ശക്തമാക്കും: എസ്.പി ഉദയകുമാര്‍

0
44

തൂത്തുക്കുടി: തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് പൂട്ടുന്നതുവരെ സമരം ചെയ്യുമെന്നും വെടിയുണ്ട കൊണ്ട് ഭയപ്പെടുത്തിക്കളയാമെന്ന് ആരും കരുതേണ്ടെന്നും കൂടംകുളം സമരനായകന്‍ എസ്.പി ഉദയകുമാര്‍. ആളുകളെ കൊന്നൊടുക്കി സമരം അവസാനിപ്പിക്കാമെന്ന് സര്‍ക്കാരും വേദാന്ത ഗ്രൂപ്പും കരുതേണ്ട.

നിശ്ചയമായും ഞങ്ങളുടെ സമരം വിജയിക്കും. ഇനി തൂത്തുക്കുടയില്‍ ഈ കമ്പനി നടത്താന്‍ അനുവദിക്കില്ല. ഈ സ്ഥലത്തിന്റെ ഉടമ ജനങ്ങളാണ് അനില് അഗവര്‍വാളോ അംബാനിയോ സര്‍ക്കാരോ അല്ല. ഇത് ഞങ്ങളുടെ ഭൂമിയാണ്. തമിഴരുടെ ഭൂമിയാണ്. അവരുടെ കമ്പനി ഇവിടെ വരില്ല.

കോര്‍പ്പറേറ്റുകളുടെ കയ്യില്‍ ഇനി ഈ ഭൂമി കൊടുക്കില്ലെന്ന് തന്നെയാണ് ഞങ്ങളുടെ തീരുമാനം. സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും ഉദയകുമാര്‍ പറഞ്ഞു. ജനവാസ മേഖലയിലെ പ്ലാന്റിനെതിരായ നൂറാം ദിവസത്തെ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നത്. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു സമരത്തിന് നേരെയുള്ള പൊലീസ് വെടിവെപ്പ് ഉണ്ടായത്. വെടിവെയ്പില്‍ 11 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതില്‍ 17 വയസുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടിരുന്നു.

1996ലാണ് സ്റ്റൈര്‍ലൈറ്റ് യൂണിറ്റ് തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ത്യയിലെ ഏറ്റവും വലിയ കോപ്പര്‍ നിര്‍മ്മാണ പ്ലാന്റുകളിലൊന്നായ കമ്പനി പരിസ്ഥിതി മലിനീകരണം നടത്തുന്നതായി വര്‍ഷങ്ങളായി ആരോപണം ഉയര്‍ന്നിരുന്നു. നാടിന്റെ മണ്ണും വായുവും വെള്ളവും മലിനമായിക്കഴിഞ്ഞെന്ന തിരിച്ചറിവിലാണ് ജനങ്ങള്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇന്നലത്തെ വെടിവെപ്പിലൂടെ സമരം ദുരന്തപൂര്‍ണമായ വഴിത്തിരിവില്‍ എത്തി നില്‍ക്കുകയാണ്.

പ്ലാന്റിനെതിരെ സമരം ചെയ്തവര്‍ക്കുനേരെ പൊലീസ് വെടിവെപ്പു നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പൊലീസ് വാഹനത്തിന്റെ മുകളില്‍ കയറി നിന്ന് സാധാരണ വസ്ത്രത്തില്‍ പൊലീസുകാരന്‍ സമരക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

മഞ്ഞ ടീ ഷര്‍ട്ട് ധരിച്ച ഒരു പൊലീസുകാരന്‍ പൊലീസ് വാനിനു മുകളില്‍ കയറി നിന്ന് വെടിയുതിര്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കുറച്ചുസമയത്തിനുശേഷം കറുത്ത ടീ ഷര്‍ട്ട് ധരിച്ച മറ്റൊരു പൊലീസുകാരന്‍ വാനിനു മുകളില്‍ കയറുകയും തോക്ക് ചൂണ്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങളില്‍ സമരക്കാരെ അടുത്തൊന്നും തന്നെ കാണുന്നില്ല എന്നതിനാല്‍ വെടിവെപ്പ് അനിവാര്യമാണെന്ന പൊലീസ് വാദത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ ദൃശ്യങ്ങള്‍.

Leave a Reply