Pravasimalayaly

ഇത് മലയാളി സ്‌നേഹത്തിന്റെ വിജയം; അബ്ദുള്‍ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു

കോഴിക്കോട്: സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവാവ് അബ്ദുള്‍ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി രൂപ സമാഹരിച്ചു. ലോകമെമ്പാടുമുള്ള മലയാളികള്‍ ഒന്നിച്ചപ്പോള്‍ രണ്ടു ദിവസം ശേഷിക്കെയാണ് ദയാധനത്തിന് വേണ്ട പണം സമാഹരിച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ കൈകോര്‍ത്താണ് തുക സമാഹരിക്കാനായത്. 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച തുക ഇന്ത്യന്‍ എംബസി വഴി സൗദി കുടുംബത്തിന് നല്‍കും.കേസില്‍ കഴിഞ്ഞ 16 വര്‍ഷമായി റിയാദ് ജയിലില്‍ കഴിയുകയാണ് കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം. 2006 നവംബറില്‍ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു.ഇതോടെ അബ്ദുറഹീം ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ച് വരുത്തി. പിടിച്ചുപറിക്കാര്‍ റഹീമിനെ ബന്ധിയാക്കി അനസിനെ ആക്രമിച്ചു എന്ന രീതിയില്‍ ഇരുവരും ചേര്‍ന്ന് ഒരു കള്ളക്കഥയുണ്ടാക്കി. റഹീമിനെ സീറ്റില്‍ കെട്ടിയിട്ടു പോലീസിനെ വിവരം അറിയിച്ചു. എന്നാല്‍ പോലീസ് എത്തി ചോദ്യം ചെയ്തതോടെ കള്ളക്കഥയാണെന്ന് ബോധ്യപ്പെടുകയും ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. 10 വര്‍ഷത്തിന് ശേഷം നസീറിന് ജാമ്യം ലഭിച്ചു. റഹീം വധ ശിക്ഷയും കാത്ത് അല്‍ഹായിര്‍ ജയിലില്‍ തുടരുകയും ചെയ്തു.അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. ഒടുവില്‍ ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് 34 കോടി രൂപ ദയാധനമെന്ന ഉപാധിയില്‍ ഫായിസിന്റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ധനസമാഹരണത്തിന് വേണ്ടി മലയാളികള്‍ കൈകോര്‍ത്തത്.

Exit mobile version