Pravasimalayaly

ഇത് മോദിയുടെ അനുയായികള്‍ അഴിച്ചുവിടുന്ന ഭീകരത; അതിക്രമങ്ങളില്‍ മോദിയുടെ നിശബ്ദതയെ വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസ്

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കുറ്റാരോപിതരായ – വര്‍ദ്ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങള്‍, ന്യൂനപക്ഷ, ദലിത് വിഭാഗങ്ങള്‍ക്കെതിരായ വ്യാപക അക്രമങ്ങള്‍ തുടങ്ങിയവയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലര്‍ത്തുന്ന നിശബ്ദതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍. മോദിയുടെ പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ട കേസുകളില്‍ അദ്ദേഹം കുറ്റകരമായ മൗനം പാലിക്കുകയാണെന്നും ഇത്തരം കേസുകളും സംഭവങ്ങളും ഒറ്റപ്പെട്ട അതിക്രമങ്ങളായി കാണാന്‍ കഴിയില്ലെന്നും മുഖപ്രസംഗം അഭിപ്രായപ്പെടുന്നു.

ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയലില്‍ നിന്നുള്ള ഭാഗങ്ങള്‍:

പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം ട്വീറ്റ് ചെയ്യുന്നയാളാണ്. സ്വയം ഒരു ഗംഭീര പ്രാസംഗികനായാണ് അദ്ദേഹം തന്നെ പ്രതിഷ്ഠിച്ചിരിക്കുന്നത്. എന്നാല്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ പിന്തുണക്കുന്നയാളുകള്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നേരെ അഴിച്ചുവിടുന്ന അക്രമങ്ങളിലും ഉയര്‍ത്തുന്ന ഭീഷണികളിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെടുന്നു. ഈയാഴ്ച ഇന്ത്യക്കാര്‍ തെരുവിലിറങ്ങിയത് എട്ട് വയസുകാരിയായ പെണ്‍കുട്ടിയോട് മോദിയെ പിന്തുണക്കുന്നയാളുകള്‍ ചെയ്ത് കൊടുംക്രൂരതയില്‍ സര്‍ക്കാര്‍ പുലര്‍ത്തിയ നിസംഗതയ്ക്കും ഇരയോട് കാട്ടിയ നിര്‍ദ്ദയത്വത്തിനും എതിരെ പ്രതിഷേധിക്കാനാണ്. ഈ കേസ് അടക്കം തന്‍റെ  അനുയായികള്‍ ഉള്‍പ്പെട്ട കേസുകളിലൊന്നും മോദി കാര്യമായി ഒന്നും പറയാറില്ല.

കഴിഞ്ഞയാഴ്ച വരെ അദ്ദേഹം ജമ്മു കാശ്മീരിലെ ഈ പെണ്‍കുട്ടിയ്ക്ക് നേരെയുള്ള ക്രൂരതയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് നിന്ന് മുസ്ലീം നാടോടി ഗോത്ര വിഭാഗമായ ബേകര്‍വാളുകളെ ആട്ടിയോടിക്കാനും ഭീതി പരത്താനും നടത്തിയ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ പൈശാചികത. ഹിന്ദു ക്ഷേത്രത്തില്‍ ദിവസങ്ങളോളം സമാനതകളില്ലാത്ത ക്രൂരതയ്ക്ക് വിധേയയായ ഈ പെണ്‍കുട്ടിയുടെ അനുഭവം മനുഷ്യന്റെ അധപതനത്തിന്റെ അങ്ങേയറ്റത്തേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ മോദിയുടെ പാര്‍ട്ടിക്കാരനായ എംഎല്‍എ ആരോപണവിധേയനായ ബലാത്സംഗ കേസിനെക്കുറിച്ചും അദ്ദേഹത്തിന് ഒന്നും പറയാനില്ല. അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. ഈയടുത്ത് വരെ ഈ എംഎല്‍എയെ കേസെടുക്കാതെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്. ഈ പെണ്‍കുട്ടിയുടെ പിതാവിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ എംഎല്‍എയും സഹോദരനും പ്രതികളാണ്. പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു.

തന്നെ പിന്തുണക്കുന്നവര്‍ ചെയ്യുന്ന എല്ലാ കുറ്റകൃത്യങ്ങളെക്കുറിച്ചും മോദി ചര്‍ച്ച ചെയ്യണമെന്നും വിശദമായി സംസാരിക്കണമെന്നും പറയാന്‍ കഴിയില്ല. എന്നാല്‍ഡ ഈ കേസുകളൊന്നും ഒറ്റപ്പെട്ട അതിക്രമങ്ങളല്ല എന്നതാണ് വസ്തുത. ഇത് തീവ്രദേശീയ ശക്തികള്‍ ആസൂത്രണം ചെയ്യുന്നതും സംഘടിതമായി നടപ്പാക്കുകയും ചെയ്യുന്ന ഭീകരതയാണ്. സ്ത്രീകള്‍, മുസ്ലീങ്ങള്‍, ദലിതര്‍, മറ്റ് അധസ്ഥിത ജനവിഭാഗങ്ങള്‍ എന്നിവരെ ലക്ഷ്യം വച്ചുള്ള ഭീകരത.

Exit mobile version