Pravasimalayaly

ഇനി പ്രവാസികള്‍ക്കും ആദ്യ ദിനം തന്നെ സിനിമ കാണാം, മലയാള സിനിമകള്‍ക്ക് വിദേശത്ത് ഓണ്‍ലൈന്‍ റിലീസ്

മലയാള സിനിമകള്‍ കേരളത്തില്‍ റിലീസ് ആകുമ്പോള്‍ തന്നെ വിദേശ രാജ്യങ്ങളിലും കാണാന്‍ അവസരമൊരുങ്ങുന്നു. സിനിമകള്‍ ഓണ്‍ലൈനായി കാണാനുള്ള അവസരമാണ് പ്രവാസികള്‍ക്ക് മുന്നില്‍ തുറന്നിരിക്കുന്നത്. ഐനെറ്റ് സ്‌ക്രീന്‍ ഡോട്കോം (inetscreen.com) എന്ന വെബ്സൈറ്റ് വഴിയാണ് സിനിമകള്‍ വിദേശ രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ റിലീസ് നടത്തുക.

ഈ മാസം 11ന് റിലീസിനെത്തുന്ന കൃഷ്ണം ആയിരിക്കും ആദ്യമായി ഓണ്‍ലൈന്‍ വഴി റിലീസ് ചെയ്യുന്ന ചിത്രമെന്ന് ഐനെറ്റ് ഡയറക്ടര്‍മാരായ ജിതിന്‍ ജയകൃഷ്ണന്‍, രാജേഷ് പട്ടത്ത് എന്നിവര്‍ അറിയിച്ചു. സിനിമകള്‍ റിലീസ് ദിനത്തില്‍ തന്നെ പ്രവാസി മലയാളികളിലേക്ക് എത്തിക്കുമെന്നും ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ക്കു മാത്രമാണ് ഓണ്‍ലൈനായി സിനിമ കാണാനുള്ള അവസരമുണ്ടാകുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരേ സമയം ഒരുകോടി ആളുകള്‍ക്ക് സിനിമ കാണാനുള്ള അവസരമാണ് ഇതുവഴി ഒരുങ്ങുന്നത്.

വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് പണം അടയ്ക്കുന്നവര്‍ക്ക് സിനിമകള്‍ കാണാന്‍ സാധിക്കും. ഒരിക്കല്‍ ലോഗിന്‍ ചെയ്താല്‍ 24മണിക്കൂറാണ് സമയപരിധി. ഒന്നിലധികം ആളുകള്‍ക്ക് ഒന്നിച്ചിരുന്ന് സിനിമ കാണാം എന്നതാണ് ഇതിന്റെ പ്രാധാനനേട്ടങ്ങളില്‍ ഒന്ന്. എന്നാല്‍ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ റീവൈന്‍ഡ് ചെയ്ത് വീണ്ടു കാണാനോ സാധിക്കില്ല. അത്യാധുനിക സൈബര്‍ സുരക്ഷാ ക്രമീകരണങ്ങളോടുകൂടിയാണ് സിനിമകള്‍ വൈബ്സൈറ്റ് വഴി റിലീസ് ചെയ്യുന്നത്.

Exit mobile version