രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 33,000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം 33,050 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. ഇതുവരെ 1074 പേരുടെ ജീവൻ കോവിഡ് കവർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1718 പേർക്ക് രോഗം സ്ഥിരീകരിച്ചു. 66പേർ മരിച്ചു. 23,651 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ തുടരുന്നത്. 8324 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. കോവിഡ് ബാധിതരിൽ ഒന്നാമതുള്ള മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 9915 ആയി ഉയർന്നു. 432 മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ പോസിറ്റീവ് കേസുകൾ 4000 കടന്നു. 197 പേർ മരണപ്പെട്ടു. ഡൽഹിയിൽ 3439 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. മധ്യപ്രദേശിൽ രോഗികളുടെ എണ്ണം 2500 കടന്നു, മരണം 130 ആയി. രാജസ്ഥാനിലും തമിഴ്നാട്ടിലും ഉത്തർപ്രദേശിലും രോഗബാധിതർ രണ്ടായിരത്തിന് മുകളിലാണ്.ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ആയിരത്തിലേറേ രോഗികളുണ്ട്. കേരളത്തിൽ 495 പേർക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്