Pravasimalayaly

ഇന്നത്തെ വാർത്തകൾ ഇതുവരെ

പ്രധാന വാർത്തകൾ

സായാഹ്‌ന വാർത്തകൾ
2021 ജൂലൈ 01 | 1196 മിഥുനം 17 | വ്യാഴം | ഉത്രട്ടാതി |

🔳ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ഗ്രീന്‍ പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി തുടങ്ങി. ഓസ്ട്രിയ, സ്ലോവേനിയ, ഗ്രീസ്, ഐസ്ലാന്‍ഡ്, സ്‌പെയിന്‍, അയര്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയ ഏഴ് രാജ്യങ്ങളാണ് ആദ്യഘട്ടത്തില്‍ കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയത്. ഇന്ത്യയിലെ അംഗീകൃത വാക്‌സിനുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

🔳രാജ്യത്ത് ബാങ്കിങ്, ആദായ നികുതി, പാചകവാതകം തുടങ്ങിയവുമായി ബന്ധപ്പെട്ട് ഏഴ് സുപ്രധാന മാറ്റങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരികയാണ്. എ.ടി.എമ്മുകളില്‍നിന്ന് സൗജന്യമായി പണം പിന്‍വലിക്കാവുന്നത് ഇനി നാല് തവണ മാത്രം. ഇതിന് ശേഷമുള്ള ഓരോ ഇടപാടിനും 15 രൂപയും ജി.എസ്.ടിയും ഈടാക്കും. അക്കൗണ്ട് ഉടമകള്‍ക്ക് ഒരു വര്‍ഷം നല്‍കുന്ന സൗജന്യ ചെക്ക് ബുക്കുകള്‍ പത്ത് എണ്ണം മാത്രമാവും. കൂടുതല്‍ ചെക്ക് ലീഫ് വേണ്ടവര്‍ പണം നല്‍കണം. 10 ചെക്ക് ലീഫിന് 40 രൂപയും ജിഎസ്ടിയും 25 എണ്ണത്തിന് 75 രൂപയും ജിഎസ്ടിയും ഈടാക്കും. എല്‍പിജി സിലിണ്ടറുകളുടെ വില ഇന്ന് മുതല്‍ എല്ലാ മാസവും ആദ്യ ദിവസം തീരുമാനിക്കും. ഇന്ന് സിലിണ്ടറുകളുടെ വില 25.50 രൂപ കൂടി. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരില്‍നിന്ന് ഇന്ന് മുതല്‍ ഉയര്‍ന്ന ടി.ഡി.എസ് ഈടാക്കാനാണു തീരുമാനം. വര്‍ഷം 50,000 രൂപയ്ക്കു മുകളില്‍ ടി.ഡി.എസ് നല്‍കിയിട്ടും റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കാണ് ഇതു ബാധകം. സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്ക് എന്നിവ ലയിച്ചതിന്റെ ഭാഗമായി ഇന്നുമുതല്‍ ഈ ബാങ്കുകളിലെ ഉപയോക്താക്കളുടെ ഐഎഫ്എസ്സി കോഡിലും മാറ്റമുണ്ടാവും.

🔳കേന്ദ്രസര്‍ക്കാരും സമൂഹമാധ്യമമായ ട്വിറ്ററും തമ്മിലുള്ള പോര് തുടരുന്നു. ട്വിറ്ററിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. ഇന്ത്യയിലെ പകര്‍പ്പവകാശ നിയമം മനസിലാക്കിയിട്ട് വേണം അമേരിക്കന്‍ പകര്‍പ്പവകാശനിയമം നടപ്പാക്കാനെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. യുഎസ് നിയമത്തിലൂടെ തന്റെ അഭിപ്രായങ്ങളെ നിയന്ത്രിക്കാമെന്ന് ട്വിറ്റര്‍ കരുതേണ്ടന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

🔳കൊവിഡ് ഭേദമായ ശേഷം അനുബന്ധ രോഗങ്ങള്‍ മൂലം മൂന്നുമാസത്തിനിടെ മരിച്ചാല്‍ പോലും കൊവിഡ് മരണമായി നിശ്ചയിക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ണായക വിധിയുടെ പശ്ചാത്തലത്തില്‍ കൊവിഡ് മരണം രേഖപ്പെടുത്തുന്നതിലെ മാനദണ്ഡം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൊളിച്ചെഴുതേണ്ടിവരും. സുപ്രീംകോടതി വിധി അനുസരിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കുന്നതിനെ കുറിച്ച് കേന്ദ്രം നിയമോപദേശം തേടി. നിയമോപദേശത്തിന് ശേഷം വിധി നടപ്പാക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്.

🔳കോവിഡ് മരണങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാനത്ത് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വീഴ്ചയുണ്ടായിട്ടില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കാമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി.

🔳കൊവിഡ് വ്യാപനത്തില്‍ സര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ അല്ല കൊവിഡ് വ്യാപനത്തിലെ കുറ്റക്കാര്‍. ദുരഭിമാനം മാറ്റിവച്ച് മരണസംഖ്യയിലെ യഥാര്‍ത്ഥ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തു വിടാന്‍ തയ്യാറാവണം. കൊവിഡ് മരണങ്ങള്‍ കേരളത്തില്‍ കുറവാണെന്ന് വരുത്തി തീര്‍ത്ത് ക്രെഡിറ്റ് എടുക്കുന്ന പരിപാടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

🔳53 ദിവസം നീണ്ട അടച്ചിടലിനു ശേഷം കൊച്ചി മെട്രോ ഇന്നു മുതല്‍ വീണ്ടും ഓടിത്തുടങ്ങി. ലോക്ഡൗണിനെ തുടര്‍ന്നാണ് മെട്രോ സര്‍വീസ് നിര്‍ത്തിവച്ചത്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് സര്‍വീസ്. തിരക്കുള്ള സമയങ്ങളില്‍ 10 മിനിറ്റ് ഇടവേളയില്‍ ട്രെയിനുണ്ടാകും. തിരക്കില്ലാത്ത സമയങ്ങളില്‍ ഇടവേള 15 മിനിറ്റായിരിക്കും.

🔳കെ. മുരളീധരനെ യുഡിഎഫ് കണ്‍വീനറായി നിയമിക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാഹുല്‍ ഗാന്ധി എം.പിയുടെ ഫെയ്‌സ് ബുക്ക് പേജിലാണ് ഈ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കമന്റുമായി എത്തിയത്. നിലവിലെ യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനാണ്. ഇദ്ദേഹത്തെ മാറ്റില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനായി മുറവിളി കൂട്ടി പ്രവര്‍ത്തകര്‍ എത്തിയത്.

🔳വടകരയും നേമവും വരുമ്പോള്‍ മാത്രമല്ല, പുനഃസംഘടന വരുമ്പോഴും പാര്‍ട്ടി തന്റെ അഭിപ്രായം പരിഗണിക്കണമെന്ന് കെ മുരളീധരന്‍ എം പി. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ആരും ഇതേ കുറിച്ച് ചോദിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. ടി പി കേസിലെ പ്രതികള്‍ക്ക് എല്ലാ സൗകര്യവും ജയിലില്‍ ഒരുക്കുന്നുവെന്നും ഇനി ജയിലില്‍ നാരി കി പാനി മാത്രമാണ് അവര്‍ക്ക് നല്‍കാനുള്ളതെന്നും മുരളീധരന്‍ പരിഹസിച്ചു.

🔳നേതൃമാറ്റം സംബന്ധിച്ച ആവശ്യങ്ങളില്‍ ആര്‍.എസ്.എസ് മുഖംതിരിക്കുന്നതില്‍ ബി.ജെ.പി.യില്‍ അസ്വസ്ഥത. തിരഞ്ഞെടുപ്പിലെ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ നേതൃമാറ്റ ആവശ്യം ശക്തമാണ്. എന്നാല്‍, ഇടപെടാന്‍ ആര്‍.എസ്.എസ് തയ്യാറായിട്ടില്ല. അഭിപ്രായം പറഞ്ഞാല്‍ ബി.ജെ.പി. ദേശീയനേതൃത്വം എങ്ങനെ സ്വീകരിക്കുമെന്നതാണ് ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കുന്നത്. അതേസമയം, ബി.ജെ.പി.യിലെ ആര്‍.എസ്.എസ് നോമിനിയായ സംഘടനാ സെക്രട്ടറിയെ വൈകാതെ മാറ്റുമെന്ന അഭ്യൂഹം ശക്തമാണ്.

🔳ആരോപണങ്ങള്‍ ഉയര്‍ത്തി വീണ്ടും വേദനിപ്പിക്കരുതെന്ന് മുന്‍മന്ത്രി ജി സുധാകരന്‍. ആലപ്പുഴ ജില്ലാകമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നന്നായി കൊടുത്ത മാധ്യമങ്ങള്‍ക്ക് അഭിനന്ദനമെന്നും സുധാകരന്‍ പറഞ്ഞു.

🔳പുതിയ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ അപരനായി ട്രോളുകളില്‍ നിറഞ്ഞ് നടന്‍ ചെമ്പില്‍ അശോകന്‍. അനില്‍കാന്തിനെ ഡിജിപിയായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് കാക്കിയണിഞ്ഞ ചെമ്പില്‍ അശോകനെയും ട്രോളന്‍മാര്‍ ഏറ്റെടുത്തത്. നേരത്തെ ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായി ചുമതലയേറ്റെടുത്തപ്പോഴും നിമിഷങ്ങള്‍ക്കകം പാഷാണം ഷാജി എന്നറിയപ്പെടുന്ന നടന്‍ സാജു നവോദയയെ സാമൂഹ്യ മാധ്യമങ്ങളില്‍ അപരനാക്കി ട്രോളന്‍മാര്‍ ആഘോഷമാക്കിയിരുന്നു.

🔳നഗരത്തില്‍ ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. വഞ്ചിയൂര്‍ സ്വദേശി കൊച്ചുരാകേഷ് എന്ന രാകേഷ്, പേട്ട സ്വദേശി പ്രവീണ്‍ ഇവരെ രക്ഷപ്പെടാന്‍ സഹായിച്ച മെഡിക്കല്‍ കോളേജ് സ്വദേശി ഷിബു, നെടുമങ്ങാട് സ്വദേശി അഭിജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

🔳സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാസ്റ്ററുടെ ഭാര്യ ഭാരതി (79) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

🔳കാലിക്കറ്റ് സര്‍വകലാശാല ശനിയാഴ്ച വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ലോക്ഡൗണ്‍ സാഹചര്യത്തില്‍ പരീക്ഷകള്‍ പാടില്ലെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. കോവിഡിന്റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഈ മാസം മൂന്നാം തിയതി വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

🔳ചരിത്രത്തിലെത്തന്നെ കടുപ്പമേറിയ ചൂടുകാലത്തിലൂടെ കടന്നുപോകുന്ന കാനഡയില്‍ ഉഷ്ണതരംഗത്തില്‍പെട്ട് 134 പേര്‍ മരിച്ചു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ വാന്‍കൂവര്‍ നഗരത്തില്‍ വെള്ളിയാഴ്ചമുതല്‍ തിങ്കളാഴ്ചവരെയുള്ള മരണക്കണക്കാണിത്. പ്രവിശ്യയിലെ ലിട്ടന്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച റെക്കോഡ് താപനിലയാണ് രേഖപ്പെടുത്തിയത്. 49.5 ഡിഗ്രി സെല്‍ഷ്യസ്. ആയിരം കൊല്ലത്തിനിടെ ആദ്യമായാണ് ഇത്രയും കഠിനമായ ചൂടിലൂടെ മേഖല കടന്നുപോകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

🔳ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. പരിക്കേറ്റ യുവതാരം ശുഭ്മാന്‍ ഗില്‍ പരമ്പരയില്‍ കളിച്ചേക്കില്ല. ഗില്ലിന്റെ കാലിനാണ് പരിക്കേറ്റത്. പക്ഷേ എവിടെ നിന്ന് എങ്ങനെയാണ് പരിക്കേറ്റത് എന്ന കാര്യം വ്യക്തമല്ല. നിലവില്‍ ഇന്ത്യന്‍ ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷമുള്ള ഇടവേളയിലാണ്.

🔳പ്രാരംഭ ഓഹരി വില്പനയിലൂടെ 2021ല്‍ കമ്പനികള്‍ സമാഹരിച്ചത് 27,417 കോടി രൂപ. ജനുവരി മുതല്‍ ജൂണ്‍വരെയുള്ള ആറുമാസക്കാലയളവിലെ കണക്കാണിത്. കഴിഞ്ഞ ദശാബ്ദത്തിനിടയിലെ ഏറ്റവുംകൂടിയ തുകയാണ് ഐപിഒ വഴി ഈകാലയവില്‍ കമ്പനികള്‍ നേടിയത്. കമ്പനികളുടെ ഐപിഒ വഴി പ്രൊമോട്ടര്‍മാരും മറ്റ് നിക്ഷേപകരും (ഓഫര്‍ ഫോര്‍ സെയില്‍) 17,140 കോടി രൂപ സ്വന്തമാക്കി. മൊത്തം ഐപിഒ നിക്ഷേപത്തിന്റെ 62.5ശതമാനംവരുമിത്. ബാക്കി 10,278 കോടി രൂപയാണ് കമ്പനികള്‍ മൂലധനമായി സ്വരൂപിച്ചത്.

🔳സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. വ്യാഴാഴ്ച പവന്റെ വില 200 രൂപ കൂടി 35,200 നിലവാരത്തിലെത്തി. 4400 രൂപയാണ് ഗ്രാമിന്റെ വില. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഒരു ട്രോയ് ഔണ്‍സിന് 1,774.67 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 46,914 രൂപയാണ്. 0.16ശതമാനമാണ് നേട്ടം.

🔳ഫഹദ് ഫാസില്‍- മഹേഷ് നാരായണന്‍ ചിത്രം മാലികിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്. ജൂലൈ 15ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. പിരീഡ് ഡ്രാമ സ്വഭാവത്തിലുള്ള സിനിമയില്‍ സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. നിമിഷ സജയന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, അപ്പാനി ശരത്, ജലജ, ചന്ദുനാഥ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

🔳കമല്‍ഹാസനെ നായകനാക്കി വെട്രിമാരന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നു. കമല്‍ഹാസനും വെട്രിമാരനും ഒന്നിക്കുന്നതായി ചില സിനിമാ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ജനപ്രിയ നോവലിനെ അടിസ്ഥാനമാക്കിയാകും ചിത്രം. കഥ കമലിന് ഇഷ്ടമായെന്നാണ് വാര്‍ത്ത. സിനിമ ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോപുരം ഫിലിംസ് ആയിരിക്കും ചിത്രം നിര്‍മിക്കുക.

🔳റേഞ്ച് റോവര്‍ സ്പോര്‍ട് എസ് വി ആര്‍ ഇന്ത്യന്‍ വിപണിക്ക് തുടക്കമിടുന്നതായി പ്രഖ്യാപിച്ച് ജാഗ്വാര്‍ ലാന്റ് റോവര്‍ ഇന്ത്യ. 5.0 ലി സൂപ്പര്‍ ചാര്‍ജ്ഡ് വി8 പെട്രോള്‍ എഞ്ചിനോടെയാണ് റേഞ്ച് റോവര്‍ സ്പോര്‍ട് എസ് വി ആര്‍ എസ് വി ആര്‍ ടോപ് റേഞ്ച് ലഭ്യമാകുന്നത് . 423 കിലോവാട്ട് പവര്‍ 700 എന്‍എം ടോര്‍ക് എന്നിവ നല്‍കാന്‍ ശേഷിയുള്ള എഞ്ചിനാണിവ. 4.5 സെക്കന്റില്‍ ആക്സിലറേഷന്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ എന്ന നിലയിലേക്ക് കുതിക്കും.

Exit mobile version