Pravasimalayaly

ഇന്നത്തെ വാർത്തകൾ ഇതുവരെ

സായാഹ്‌ന വാർത്തകൾ
2021 ജൂലൈ 04 | 1196 മിഥുനം 20 | ഞായർ | അശ്വതി |

🔳റഫാല്‍ ഇടപാടില്‍ അഴിമതി നടന്നോ എന്ന് ഫ്രാന്‍സില്‍ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ‘കള്ളത്താടി’ എന്ന അടിക്കുറിപ്പോടെ ഒരു ജെറ്റ് വിമാനത്തില്‍ നിന്ന് വമിക്കുന്ന പുകയില്‍ പ്രത്യക്ഷപ്പെടുന്ന വെളുത്ത താടിയുള്ള ഒരു പകുതിമുഖത്തിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് രാഹുല്‍ മോദിയെ പരിഹസിക്കുന്നത്.

🔳ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു.ശശി തരൂര്‍, മനീഷ് തിവാരി എന്നീ പേരുകളാണ് പകരം പരിഗണിക്കുന്നത്. രാഹുല്‍ ഗാന്ധി തന്നെ സഭാ നേതാവായി വരണം എന്നാണ് എംപിമാരില്‍ ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. എന്നാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ അതിന് സമ്മതം മൂളിയിട്ടില്ല.

🔳മുസ്ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള വിജ്ഞാപനത്തിനെതിരേ മുസ്ലിം ലീഗിന് പിന്നാലെ സമസ്തയും സുപ്രീം കോടതിയെ സമീപിച്ചു. വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് സമസ്തയുടെ ആവശ്യം. വളഞ്ഞ വഴിയിലൂടെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സമസ്ത ആരോപിക്കുന്നു.

🔳ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും ഇനിയും അത് തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സുസ്ഥിരവും നൂതനവുമായ വ്യവസായങ്ങള്‍ ഇവിടെ അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കിറ്റക്‌സ് വിഷയത്തിലടക്കം സര്‍ക്കാര്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുന്ന സാഹചര്യത്തിലാണ് ട്വിറ്ററില്‍കൂടി മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

🔳കിറ്റെക്സിലെ പരിശോധന റിപ്പോര്‍ട്ട് ജില്ലാ വ്യവസായ ജനറല്‍ മാനേജര്‍ ബിജു പി എബ്രഹാം വ്യവസായ വാണിജ്യ ഡയറക്ടര്‍ക്ക് കൈമാറി. കിറ്റെക്സ് മാനേജ്മെന്റിന്റെ പരാതികളും ആശങ്കകളുമാണ് പ്രധാനമായും റിപ്പോര്‍ട്ടിലുള്ളത്. കിറ്റെക്സിന് വ്യവസായം നടത്താന്‍ അനുകൂല സാഹചര്യം സൃഷ്ടിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മലിനീകരണ നിയന്ത്രണത്തില്‍ വീഴ്ചയില്ലെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് മെമ്മോ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. നിയമലംഘനങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള അവസരം കിറ്റെക്സിന് നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

🔳കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരേ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കെ.കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്നും കണ്ണൂര്‍ ഡിസിസി ഓഫീസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറികള്‍ നടത്തിയെന്നുമാണ് മാധ്യമങ്ങളിലൂടെ പ്രശാന്ത് ബാബു ആരോപിച്ചത്. പ്രശാന്ത് ബാബു തന്നെ വിജിലന്‍സിന് പരാതിയും നല്‍കിയിരുന്നു.

🔳ടിപി ചന്ദ്രശേഖരനെ കൊല്ലാന്‍ സിപിഎം കൊണ്ടു വന്നവരാണ് ഇപ്പോള്‍ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘമായി ഭയാനകമായ അവസ്ഥ സൃഷ്ടിക്കുന്നതെന്ന് ചാലക്കുടി എംപി ബെന്നി ബെഹന്നാന്‍. കൊടി സുനിക്ക് ജയിലില്‍ സൗകര്യമൊരുക്കി കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ക്രൈം ബ്രാഞ്ച് അന്വേഷണമല്ല വേണ്ടത് ഹൈക്കോടതി നേരിട്ട് അന്വേഷിക്കുകയാണ് ചെയ്യേണ്ടതെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു.

🔳വിവാദ മരംമുറി ഉത്തരവ് ഇറക്കിയത് മുന്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്ന് വ്യക്തമാകുന്ന വിവരങ്ങള്‍ പുറത്തെന്ന് റിപ്പോര്‍ട്ടുകള്‍. ഉത്തരവിറക്കാന്‍ റവന്യൂ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത് മന്ത്രിയാണെന്ന് വ്യക്തമാകുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. രാജകീയ മരങ്ങള്‍ മുറിക്കാന്‍ പാടില്ലെന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുപോലും അവഗണിക്കപ്പെട്ടു.

🔳രാജകീയ മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവല്ല കൊടുത്തതെന്നും അത്തരം മരങ്ങള്‍ മുറിക്കാന്‍ ഉത്തരവ് കൊടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും മുന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. മരം മുറിക്കാനുള്ള ഉത്തരവ് പൂര്‍ണമായ ഉത്തരവാദിത്തത്തോടെയാണ് ഇറക്കിയതെന്നും ഉത്തരവിന് നിര്‍ദേശം നല്‍കിയ മന്ത്രി എന്ന നിലയിലില്‍ അത് അംഗീകരിക്കുന്നുവെന്നും ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഉത്തരവിനെ ദുര്‍വാഖ്യാനം ചെയ്ത് നൂറ് കണക്കിന് വര്‍ഷം പഴക്കമുള്ള മരം മുറിച്ചെങ്കില്‍ അതിനേക്കുറിച്ച് അന്വേഷിക്കണമെന്നും അതിന് ഉത്തരവാദികള്‍ ആരാണെന്ന് കണ്ടെത്തണമെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയുണ്ടെങ്കില്‍ കണ്ടെത്തണമെന്നും ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

🔳സ്വകാര്യ ബസ്സുടമകളുടെ നികുതി അടയ്ക്കാനുള്ള സമയ പരിധി നീട്ടുമെന്ന മന്ത്രിയുടെ പ്രഖ്യാപനം പ്രസ്താവനയില്‍ ഒതുങ്ങി. ഇതോടെ ജൂലായ് ഒന്നു മുതല്‍ ബസുകള്‍ ഓടിക്കാമെന്ന തീരുമാനം ഉടമകള്‍ മാറ്റിവച്ചു. ചുരുക്കം ചില ബസ്സുടമകള്‍ പിഴ അടക്കമുള്ള നികുതിയടച്ചു തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള റോഡ് നികുതിയുടെ അവസാന തീയതി ജൂണ്‍ 30-ല്‍ നിന്ന് ഓഗസ്റ്റ് 31 -ലേക്ക് നീട്ടുമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു ഒരു മാസം മുമ്പ് പറഞ്ഞത്.

🔳40 ലക്ഷം രൂപ കോഴ വാങ്ങി പി.എസ്.സി. അംഗത്വം പാര്‍ട്ടി വിറ്റുവെന്ന ആരോപണത്തില്‍ മറുപടിയുമായി ഐ.എന്‍.എല്‍. സംസ്ഥാന നേതൃത്വം. 40 ലക്ഷത്തിന് പി.എസ്.സി. അംഗത്വം വിറ്റുവെന്ന ആരോപണം വ്യാജമെന്നും അതിശയിപ്പിക്കുന്നതാണെന്നും ഐ.എന്‍.എല്‍. സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ് പറഞ്ഞു.

🔳അമ്മയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മുന്‍ സൈനികനായ മകനെ അറസ്റ്റുചെയ്തു. മൃതദേഹപരിശോധനയില്‍ മരണം കൊലപാതകമാണെന്നു കണ്ടെത്തി. പൂവാര്‍ പാമ്പുകാല ഊറ്റുകുഴിയില്‍ പരേതനായ പാലയ്യന്റെ ഭാര്യയും മുന്‍ അധ്യാപികയുമായ ഓമന(70)യാണ് കൊല്ലപ്പെട്ടത്. ഓമനയുടെ മകന്‍ വിപിന്‍ദാസി(39)നെയാണ് പൂവാര്‍ പോലീസ് അറസ്റ്റുചെയ്തത്. കഴുത്തിലും വയറിലുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോലീസ് സംശയിക്കുന്നു.

🔳സംസ്ഥാനത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 101.43 രൂപയും ഡീസലിന് 96.03 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 99.71 രൂപയും ഡീസലിന് 94.26 രൂപയുമായി. അതേസമയം കോഴിക്കോട് പെട്രോളിന് 100.31 രൂപയും ഡീസല്‍ 94.95 രൂപയുമായി ഉയര്‍ന്നു.

🔳ഉത്തര്‍പ്രദേശിലെ തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി. സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് കക്ഷികള്‍ക്ക് കനത്ത പരാജയമാണ് നേരിടേണ്ടിവന്നത്. സോണിയ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ റായ്ബറേലിയിലെ ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിനും മുലായത്തിന്റെ തട്ടകമായ മെയിന്‍പുരി സമാജ്വാദി പാര്‍ട്ടിക്കും നഷ്ടമായി.

🔳തെക്കന്‍ ഫിലിപ്പീന്‍സില്‍ 92 പേരുമായി പോവുകയായിരുന്ന സൈനിക വിമാനം തകര്‍ന്നുവീണു. 40 പേരെ രക്ഷപ്പെടുത്തിയതായി സൈനിക മേധാവി പറഞ്ഞു. ജോളോ ദ്വീപില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

🔳പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ യുറഗ്വായെ തകര്‍ത്ത് കൊളംബിയ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. ഷൂട്ടൗട്ടില്‍ 4-2നായിരുന്നു കൊളംബിയന്‍ ടീമിന്റെ വിജയം. യുറഗ്വായ് താരങ്ങളുടെ രണ്ട് കിക്കുകള്‍ തടുത്തിട്ട ഗോള്‍കീപ്പര്‍ ഡേവിഡ് ഒസ്പിനയാണ് ടീമിനെ സെമിയിലിത്തിച്ചത്.

🔳കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇക്വഡോറിനെ പരാജയപ്പെടുത്തി സെമിയിലേക്ക് മുന്നേറി അര്‍ജന്റീന. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു മെസ്സിയുടെയും സംഘത്തിന്റെയും ജയം. ബുധനാഴ്ച നടക്കുന്ന സെമിയില്‍ കൊളംബിയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. റോഡ്രിഗോ ഡി പോള്‍, ലൗറ്റാരോ മാര്‍ട്ടിനെസ്, ലയണല്‍ മെസ്സി എന്നിവരാണ് അര്‍ജന്റീനയ്ക്കായി സ്‌കോര്‍ ചെയ്തത്. അര്‍ജന്റീനയുടെ ആദ്യ രണ്ടു ഗോളിനും വഴിയൊരുക്കിയതും മെസ്സിയായിരുന്നു.

🔳ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം റെക്കോര്‍ഡ് ഉയരത്തില്‍. ജൂണ്‍ 25 ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരം 506.6 കോടി ഡോളര്‍ ഉയര്‍ന്ന് 60,899.9 കോടി ഡോളറിലെത്തി. വിദേശ കറന്‍സികളിലെ ആസ്തികളില്‍ ഉണ്ടായ വര്‍ധന, സ്വര്‍ണ ശേഖരത്തിലെ ഉയര്‍ച്ച എന്നിവയാണ് കരുതല്‍ ശേഖരം റെക്കോര്‍ഡ് ഉയരത്തിലെത്താന്‍ ഇടയാക്കിയത്. മുന്‍ അവലോകന വാരത്തില്‍ കരുതല്‍ ധനത്തില്‍ നേരിയ ഇടിവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

🔳ജൂണ്‍ മാസത്തില്‍ 112.65 ദശലക്ഷം ടണ്‍ നേട്ടം കൈവരിച്ച് ഇന്ത്യന്‍ റെയില്‍വേയുടെ ചരക്കുനീക്ക മേഖല. കോവിഡ് പ്രതസന്ധിയുടെ ഭീഷണിയില്ലാതിരുന്ന 2019 ജൂണ്‍ മാസത്തേക്കാള്‍ (101.31 മില്യണ്‍ ടണ്‍ ) 11.19 % അധികമാണ് ഇത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയതിനേക്കാള്‍ (93.59 മില്യണ്‍ ടണ്‍ ) 20.37 ശതമാനം അധികം ചരക്കുനീക്കം ആണ് ഈ മാസം റിപ്പോര്‍ട്ട് ചെയ്തത്. ചരക്ക് നീക്കത്തിലൂടെ 2021 ജൂണ്‍ മാസം ഇന്ത്യന്‍ റെയില്‍വേക്ക് ലഭിച്ചത് 11,186.81 കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ (8829.68 കോടി) 26.7 ശതമാനം അധികമാണ്.

🔳ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍ കലിത കഥയെഴുതി സംവിധാനം ചെയ്ത ‘വേലുക്കാക്ക’ എന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക്. നീസ്ട്രീം, സൈന പ്ലേ, ഫസ്റ്റ് ഷോ, ബുക്ക് മൈ ഷോ എന്നീ പ്ലാറ്റ്ഫോമുകളിലൂടെ ഈ മാസം ആറിനാണ് റിലീസ്. പാഷാണം ഷാജി, ഷെബിന്‍ ബേബി, മധു ബാബു, നസീര്‍ സംക്രാന്തി, ഉമ കെ പി, വിസ്മയ, ആതിര, ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ് വെഞ്ഞാറമൂട്, സത്യന്‍, ആദ്യ രാജീവ്, ആരാം ജിജോ, അയാന്‍ ജീവന്‍, രാജു ചേര്‍ത്തല തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

🔳2016ല്‍ പുറത്തെത്തി ലോകമെമ്പാടും ആസ്വാദകരെ നേടിയ ഹോളിവുഡ് ഹൊറര്‍ ത്രില്ലര്‍ ചിത്രമായിരുന്നു ഡോണ്ട് ബ്രീത്ത്. ഇപ്പോഴിതാ ചിത്രത്തിന്റെ സീക്വല്‍ പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. സ്റ്റീഫന്‍ ലാംഗ് അവതരിപ്പിക്കുന്ന നോര്‍മന്‍ നോര്‍ഡ്സ്ട്രം അഥവാ ‘അന്ധന്‍’ ആണ് സീക്വലിലെ പ്രധാന കഥാപാത്രം. ചിത്രത്തിന്റെ ട്രെയ്ലര്‍ സോണി പിക്ചേഴ്സ് പുറത്തുവിട്ടു. ആദ്യഭാഗത്തിന്റെ രചയിതാക്കളില്‍ ഒരാളായ റോഡോ സയാഗൂസ് ആണ് സീക്വലിന്റെ സംവിധായകന്‍. ഓഗസ്റ്റ് 13ന് തിയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി.

🔳ഡയാന രാജകുമാരിക്ക് ചാള്‍സ് രാജകുമാരന്‍ വിവാഹ നിശ്ചയ വേളയില്‍ സമ്മാനമായി നല്‍കിയ കാര്‍ അടുത്തിടെ ലേലത്തിന് എത്തിയിരുന്നു. ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ 40 വര്‍ഷത്തോളം പഴക്കമുള്ള എസ്‌കോര്‍ട്ടാണ് ലേലത്തിന് എത്തിയത്. ഏകദേശം 30,000 (30.88 ലക്ഷം രൂപ) മുതല്‍ 40,000 (41.16 ലക്ഷം രൂപ) ബ്രിട്ടീഷ് പൗണ്ട് വരെയായിരുന്നു ഈ വാഹനത്തിന് ലേല ഉടമകള്‍ പ്രതീക്ഷിച്ചിരുന്ന വില. എന്നാല്‍ എല്ലാവരെയും അമ്പരപ്പിക്കുന്ന തുകയാണ് കാറിന് ലേലത്തില്‍ കിട്ടിയത്. 52,000 (53.48 ലക്ഷം രൂപ) പൗണ്ടിനാണ് ലേലത്തില്‍ പോയത്.

Exit mobile version