Pravasimalayaly

ഇപിക്കെതിരെ പി ജയരാജന്‍ പരാതി നല്‍കും?;  ആരോപണം സിപിഎം  കേന്ദ്ര നേതൃത്വം പരിശോധിച്ചേക്കും

കണ്ണൂര്‍: ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തില്‍ പി ജയരാജന്‍ രേഖാമൂലം പരാതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇ പി ജയരാജന്‍ അനധികൃത സ്വത്തു സമ്പാദിച്ചതായി സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്‍ ആരോപിച്ചിരുന്നു. ഇതില്‍ പരാതി രേഖാമൂലം എഴുതി നല്‍കാന്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിര്‍ദേശിച്ചിരുന്നു. 

പരാതി ലഭിക്കുന്ന മുറയ്ക്ക് ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ വെച്ചേക്കുമെന്നാണ് സൂചന. ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണം പാര്‍ട്ടി കേന്ദ്ര നേതൃത്വവും പരിശോധിച്ചേക്കും. തിങ്കളും ചൊവ്വയും ചേരുന്ന പൊളിറ്റ്ബ്യൂറോ യോഗം പ്രശ്‌നം പരിശോധിക്കും. 

മുന്‍കൂട്ടി നിശ്ചയിച്ച യോഗമായതിനാല്‍ വിഷയം അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇ പി ജയരാജന്‍ കേന്ദ്രക്കമ്മിറ്റി അംഗമായതിനാല്‍ കേന്ദ്ര നേതാക്കളുമായി കൂടിയാലോചിച്ചു മാത്രമാകും തീരുമാനമെടുക്കാനാകുക. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ കേന്ദ്രക്കമ്മിറ്റിക്കാണ് അച്ചടക്ക നടപടിക്കുള്ള അധികാരം. 

അതേസമയം തലശ്ശേരി മൊറാഴയിലെ വിവാദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നാണ് ഇ പി ജയരാജന്റെ വാദം. തലശേരി സ്വദേശി കെപി രമേഷ് കുമാറാണ് റിസോര്‍ട്ട് ഉടമയെന്നാണ് ഇപി ജയരാജന്‍ പറഞ്ഞത്. എന്നാല്‍ ഇപി ജയരാജന്റെ മകന്‍ ജെയ്‌സണ്‍ റിസോര്‍ട്ടിന്റെ സ്ഥാപക ഡയറക്ടറാണ്. ഇതു സംബന്ധിച്ച കമ്പനി രജിസ്‌ട്രേഷന്‍ രേഖകള്‍ പുറത്തു വന്നു. 

2014 ല്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍  രമേഷ് കുമാറും ഇപി ജയരാജന്റെ മകന്‍ ജെയ്‌സണുമാണ് കമ്പനിയുടെ ഡയറക്ടര്‍മാരായിരുന്നത്. ഉന്നത സിപിഎം നേതാക്കളുമായി ബന്ധമുണ്ടായിരുന്ന രമേഷ് കുമാര്‍ ഈയിടെ കമ്പനിയുടെ എംഡി സ്ഥാനം ഒഴിഞ്ഞു. പകരം വിദ്യാഭ്യാസ -വാണിജ്യ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന കെ സി ഷാജി ചുമതലയേറ്റു. ഇതോടെയാണ് പ്രശ്‌നം വീണ്ടും ചൂടു പിടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Exit mobile version