ഇരയെന്ന് കരുതി പാമ്പ് ഷൂ വിഴുങ്ങിയാല്‍ എന്തായിരിക്കും അവസ്ഥ. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡില്‍ ഒരു വീട്ടിലാണ് അപൂര്‍വ സംഭവങ്ങള്‍ നടന്നത്. ഷൂ അകത്താക്കിയ പാമ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
രാവിലെ ഉറക്കമുണര്‍ന്ന വീട്ടുകാരന്‍ കിടക്കയുടെ സമീപം സൂക്ഷിച്ചിരുന്ന ഷൂവില്‍ ഒരെണ്ണം കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. കാണാതായ ചെരിപ്പിന്റെ അന്വേഷണം ചെന്നെത്തിയത് മുറിയുടെ മൂലയില്‍ വലിയ വയറുമായി കിടക്കുന്ന ഒരു പാമ്പിലാണ്. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഷൂവിന്റെ ആകൃയിലാണ് പാമ്പിന്റെ വയറ് വീര്‍ത്തിരിക്കുന്നതെന്ന് ഇവര്‍ക്ക് മനസ്സിലായി. ഉടന്‍തന്നെ ഇവര്‍ പാമ്പുപിടിത്ത വിദഗ്ദ്ധരും ദമ്പതികളുമായ സാലിയെയും നോര്‍മന്‍ ഹില്ലിനെയും വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ ഇവര്‍ ഉടന്‍ തന്നെ പാമ്പിനെ മൃഗാശുപത്രിയിലെത്തിച്ചു.
മൃഗാശുപത്രിയിലെത്തിച്ച ഉടന്‍തന്നെ പാമ്പിന്റെ എക്‌സറേയെടുത്ത് വിഴുങ്ങിയത് ഷൂതന്നെയാണെന്ന് ഉറപ്പുവരുത്തി. വെറ്ററിനറി വിദഗ്ദ്ധനായ ഡോ. ജോഷ് ലിനസാണ് പാമ്പിനെ വിദഗ്ദ്ധമായി പരിശോധിച്ചത്. വിഴുങ്ങിയ വസ്തു പാമ്പിനെ കൊണ്ടുതന്നെ ഛര്‍ദ്ദിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. പിന്നീട് ശസ്ത്രക്രിയയിലൂടെ വയറിനുള്ളില്‍ കുടുങ്ങിയ വസ്തു പുറത്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം പാമ്പിന്റെ വയറിനുള്ളില്‍ നിന്നും ഷൂ പുറത്തെടുത്തു.