Pravasimalayaly

ഇരുചക്ര വാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് വേണം

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ പിന്നിലിരുന്നു യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്നു നിര്‍ദേശിച്ചു ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഡിജിപിക്കു കത്തു നല്‍കി. ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കു ഹെല്‍മെറ്റും കാറുകളില്‍ പിന്‍സീറ്റില്‍ സഞ്ചരിക്കുന്നവര്‍ക്കു സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കണമെന്നു നിര്‍ദേശിച്ചാണ് ഗതാഗത സെക്രട്ടറി കത്തു നല്‍കിയത്. പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കു ഹെല്‍മറ്റും സീറ്റ്ബെല്‍റ്റും നിര്‍ബന്ധമാക്കി സുപ്രീംകോടതിയുടെ വിധി നിലവിലുണ്ട്. ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്കാണ് നിലവില്‍ കേരളത്തില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. പോലീസ്, മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയും നടപടിയും ഇത്തരക്കാര്‍ക്കെതിരേ മാത്രമാണു സ്വീകരിക്കുന്നത്. പിന്‍ സീറ്റില്‍ സഞ്ചരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി പരിശോധന നടത്തണമെന്നും കത്തില്‍ പറയുന്നു. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്‍ഷ്വറന്‍സ് ലഭിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ വിധി നിലവില്‍ ഇരിക്കേ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ തടസമാകുമെന്നും ഗതാഗത സെക്രട്ടറിയുടെ കത്തില്‍ പറയുന്നു.

Exit mobile version