Friday, November 22, 2024
HomeSportsFootballഇറാന്‍ പൊരുതി കളിച്ചു; വാറിന്റെ സഹായത്തോടെ സ്‌പെയ്ന്‍ ജയിച്ചു

ഇറാന്‍ പൊരുതി കളിച്ചു; വാറിന്റെ സഹായത്തോടെ സ്‌പെയ്ന്‍ ജയിച്ചു

കസാന്‍:ദ്യേഗോ കോസ്റ്റയുടെ ഗോളില്‍ ഇറാനെ കീഴടക്കി സ്‌പെയ്ന്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി (10). പൊരുതിക്കളിച്ച ഇറാനെതിരെ കടുത്ത പോരാട്ടം വേണ്ടിവന്നു സ്‌പെയ്‌നിന്. ഗ്രൂപ്പ് ബിയില്‍ ഇതോടെ സ്‌പെയ്‌നിനും പോര്‍ച്ചുഗലിനും നാല് വീതം പോയിന്റായി. മൂന്ന് പോയിന്റുമായി ഇറാന്‍ മൂന്നാമതാണ്. 25ന് ഇറാന്‍ പോര്‍ച്ചുഗലിനെയും സ്‌പെയ്ന്‍ മൊറോക്കോയെയും നേരിടും.

മികവുറ്റ പ്രതിരോധവുമായി സ്‌പെയ്‌നിന്റെ ടിക്കിടാക്ക കളിയെ സമര്‍ഥമായി തടയാന്‍ ആദ്യഘട്ടത്തില്‍ ഇറാന് കഴിഞ്ഞു. പന്തില്‍ കൂടുതല്‍ നിയന്ത്രണം നേടിയിട്ടും ഇറാന്‍ പ്രതിരോധത്തെ മറികടക്കാന്‍ സ്പാനിഷ് നിരയ്ക്ക് കഴിഞ്ഞില്ല. കടുത്ത ഫൗളുകളും ഇറാന്‍ പുറത്തെടുത്തു. ഒരേസമയം ഒമ്ബത് കളിക്കാര്‍ ഇറാന്‍ ബോക്‌സിന് പുറത്ത് കാവല്‍നിന്നു. തുറന്ന അവസരങ്ങള്‍ സ്‌പെയ്‌നിന് കിട്ടിയതേയില്ല. മുന്നേറ്റത്തില്‍ ദ്യേഗോ കോസ്റ്റ അസ്വസ്ഥനായി. ഇടയ്ക്ക് പ്രത്യാക്രമണങ്ങള്‍ കൊണ്ട് സ്പാനിഷ് പ്രതിരോധത്തെ വിറപ്പിക്കാനും ഇറാന് കഴിഞ്ഞു.

സ്പാനിഷ് നിരയില്‍ ഇസ്‌കോ കളംനിറഞ്ഞു. ആന്ദ്രേ ഇനിയേസ്റ്റയും ലൂക്കാസ് വാസ്‌കേസും ഡേവിഡ് സില്‍വയും പിന്തുണ നല്‍കി. ഒന്നാന്തരം പാസുകളുമായി ഇറാന്‍ ബോക്‌സിന് പുറത്ത് സ്‌പെയ്ന്‍ കളി മെനഞ്ഞു. പക്ഷേ, ബോക്‌സിനകത്തേക്ക് കടക്കാന്‍ മാത്രമായില്ല.

ഇടവേളയ്ക്കുശേഷം സ്‌പെയ്‌നിന്റെ നീക്കങ്ങള്‍ക്ക് കൂടുതല്‍ വേഗം കിട്ടി. ഇസ്‌കോ കളി നിയന്ത്രിച്ചു. സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സും ജെറാര്‍ഡ് പിക്വെയും ശ്രമങ്ങള്‍ നടത്തി. സമ്മര്‍ദ്ദത്തിനൊടുവില്‍ ഇറാന്‍ ഗോള്‍ വഴങ്ങി. ബോക്‌സിന് പുറത്ത്വച്ച് ഇനിയേസ്റ്റ നടത്തിയ ഒന്നാന്തരം നീക്കം ഗോളിലേക്ക് വഴിതുറന്നു. ഇനിയേസ്റ്റ കൃത്യതയാര്‍ന്ന പാസ് ബോക്‌സില്‍ കോസ്റ്റയ്ക്ക് കിട്ടി. അടിതൊടുക്കുന്നതിനിടെ ഇറാന്റെ റമീന്‍ റെസെയ്‌നിന്റെ കാലില്‍ പന്ത് തട്ടി. ശക്തിയോടെ തിരിച്ചുവന്നത് കോസ്റ്റയുടെ കാലിലേക്ക്. പന്ത് വലയില്‍ കയറി.

ഇറാന്‍ അമിതപ്രതിരോധംവിട്ട് പ്രത്യാക്രമണത്തിന് ഇറങ്ങി. സെറ്റ് പീസില്‍നിന്ന് ഇസാതോലഹി പന്ത് വലയിലെത്തിച്ചു. ഇറാന്‍ ആഘോഷിച്ചു. സ്‌പെയ്‌നിന്റെ ആവശ്യപ്രകാരം റഫറി തീരുമാനമെടുക്കാന്‍ വീഡിയോ സംവിധാനത്തെ (വാര്‍) സമീപിച്ചു. പരിശോധനയില്‍ ഓഫ് സൈഡാണെന്ന് വ്യക്തമായി. ഇറാന്‍ അടങ്ങിയില്ല. മനോഹരമായി അവര്‍ ആക്രമണങ്ങള്‍ നെയ്തു. വാഹിദ് അമീരിയുടെ തകര്‍പ്പന്‍ ഹെഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. സ്‌പെയ്ന്‍ ഒരു ഗോള്‍ ആനുകൂല്യത്തില്‍ പിടിച്ചുനിന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments