Pravasimalayaly

ഇർഫാൻ ഖാൻ വിടവാങ്ങി : കണ്ണീരണിഞ്ഞ് ബോളിവുഡ്

പ്രമുഖ ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. 54 വയസായിരുന്നു. വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന്  മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അംഗ്രേസി മീഡിയം ആണ് അവസാനമായി അഭിനയിച്ച ചിത്രം. 

 വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേയാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ നില വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സയും നടത്തി. ഈ ആഴ്ച ആദ്യമാണ് ഇര്‍ഫാന്റെ അമ്മ സയീദ ബീഗം മരിച്ചത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജയ്പൂരില്‍ നടന്ന ശവ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഭാര്യ സുതപ സിക്ദര്‍, മക്കളായ ബബില്‍, അയാന്‍  എന്നിവര്‍ക്കൊപ്പം മുംബൈയിലാണ് ഇര്‍ഫാന്‍ ഖാന്‍ താമസിക്കുന്നത്.

നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ഇര്‍ഫാന്‍ ഖാന്‍. ചലച്ചിത്രരംഗത്തെ സംഭാവനകളെ മാനിച്ച് 2011ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. പാന്‍സിങ് തോമറിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

ഹോളിവുഡ് ചിത്രങ്ങളില്‍ ഏറ്റവുമധികം അഭിനയിച്ച ഹിന്ദി നടന്‍ എന്ന പ്രശസ്തിക്കും ഇദ്ദേഹം അര്‍ഹനായി. ലൈഫ് ഓഫ് പൈ, ജുറാസിക് വേള്‍ഡ്, സ്ലംഡോഗ് മില്യനയര്‍, ലഞ്ച് ബോക്‌സ് തുടങ്ങി ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ഇദ്ദേഹം കൈകാര്യം ചെയ്തു.

Exit mobile version