തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരുന്നു ഇതിന് പിന്നാലെയാണ് രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഐടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് സി.എം. രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നത്. എം. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് തന്നെ വിളിച്ചിട്ടുള്ളത് രവീന്ദ്രനാണെന്ന് സ്വപ്നയുടെ മൊഴിയുണ്ട്. ഐടി വകുപ്പിൽ അടക്കം നടത്തിയ ചില നിയമനങ്ങളിൽ ശിവശങ്കറിനൊപ്പം രവീന്ദ്രനും പങ്കുണ്ടെന്ന മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനെയാണ് ഇ.ഡി ചോദ്യം ചെയ്യാനിരിക്കുന്നത്. സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന്റെ ടീമിന് അറിയാമായിരുന്നെന്നും ആ ടീം ഉള്ളത് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നുമാണ് ഇ.ഡി കോടതിയെ അറിയിച്ചത്. ഈ പശ്ചാത്തലത്തിലാണ് രവീന്ദ്രന്റെ ചോദ്യം ചെയ്യൽ നിർണായകമാകുന്നത്.
നവംബർ ആറിന് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തെ ഇഡി രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ അദ്ദേഹത്ത് കോവിഡ് സ്ഥിരീകരിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. ഇതിനെ തുടർന്നാണ് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി. വീണ്ടും നോട്ടീസ് നൽകിയത്.