തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ബിജെപിയുമായി ചര്‍ച്ചനടത്തിയെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ദല്ലാള്‍ നന്ദകുമാര്‍. ഇ.പി. ജയരാജനേയും തന്നേയും മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ വന്നുകണ്ടെന്നും ഇടതിന്റെ സഹായമുണ്ടെങ്കില്‍ ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന് അദ്ദേഹം ഇ.പിയോട് പറഞ്ഞതായും നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.
ഞങ്ങള്‍ക്ക് കേരളത്തില്‍ രക്ഷയില്ലെന്ന് ജാവദേക്കര്‍ പറഞ്ഞപ്പോള്‍ രക്ഷയില്ലെന്ന് ഇ.പി മറുപടി നല്‍കി. എന്നാല്‍, ബിജെപിയെ സഹായിച്ചാല്‍ പകരമായി എസ്എന്‍സി ലാവലിന്‍ കേസ് ഞങ്ങള്‍ ഇല്ലാതാക്കുമെന്നും സ്വര്‍ണക്കള്ളക്കടത്ത് കേസ് അവസാനിപ്പിക്കുമെന്നും ജാവദേക്കര്‍ ജയരാജന് ഉറപ്പുകൊടുത്തു. അഡ്ജസ്റ്റ്‌മെന്റിന് വിധേയമാകാമോയെന്നും അമിത് ഷാ വന്ന് ഇക്കാര്യങ്ങളില്‍ ഉറപ്പുതരുമെന്നും ജാവദേക്കര്‍ ഇ.പിയോട് പറഞ്ഞതായും നന്ദകുമാര്‍ ആരോപിച്ചു.‘വൈദേകം’ റിസോര്‍ട്ടിനേക്കുറിച്ചുള്ള പരാമര്‍ശമുണ്ടായപ്പോള്‍, ആ വിഷയത്തില്‍ തനിക്ക് ഒന്നും പേടിക്കാനില്ലെന്നും അക്കാര്യം പറഞ്ഞ് വിലപേശല്‍ വേണ്ടെന്നും ഇ.പി പറഞ്ഞു. ഇതോടെ സുരേഷ് ഗോപിയെ എങ്ങനെയെങ്കിലും ജയിപ്പിച്ചെടുക്കണമെന്ന് ജയരാജനോട് ജാവദേക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍, അത് കേരളത്തില്‍ നടക്കില്ലെന്ന് ഇ.പി വ്യക്തമാക്കി. സിപിഎം അല്ല, ഘടകകക്ഷിയായ സിപിഐ ആണ് അവിടെ മത്സരിക്കുന്നതെന്നും അഡ്ജസ്റ്റ്‌മെന്റ് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയെ മാറ്റാമോയെന്ന് ഇ.പി ചോദിക്കുകയും പറ്റില്ലെന്നു ജാവദേക്കര്‍ പറയുകയും ചെയ്തു. ഇതോടെ ചര്‍ച്ച പരാജയപ്പെട്ടു. പിന്നീട് നാലുതവണ ജാവദേക്കറുമായി താന്‍ ചര്‍ച്ചനടത്തിയെന്നും പിണറായി വിജയന്റെ സംരക്ഷകനായാണ് ഇ.പി വന്നതെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.ടി ജി നന്ദകുമാറിന്റെ വാക്കുകള്‍”പിണറായിക്ക് വേണ്ടി, പിണറായിയുടെ രക്ഷകനാകാനായിരുന്നു ഇ പിയുടെ ചര്‍ച്ച. ഒരേ ഒരു സീറ്റില്‍ വിട്ടുവീഴ്ച്ച വേണമെന്നായിരുന്നു ജാവദേക്കര്‍ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തെ ഒരു ഫ്‌ലാറ്റില്‍ വെച്ചായിരുന്നു ജാവദേക്കറുമായുളള കൂടിക്കാഴ്ച്ചന നടത്തിയത്. ജാവദേക്കര്‍ വരുന്ന കാര്യം താന്‍ ഇ പിയോട് പറഞ്ഞിരുന്നില്ല. അതിനാല്‍ ഇ പിക്ക് കൂടിക്കാഴ്ച്ചയെക്കുറിച്ച് മുന്‍ധാരണ ഇല്ലായിരുന്നു.ബിജെപിയില്‍ ചേരാന്‍ ഇ പി ജയരാജന്‍ ചര്‍ച്ച ചെയ്തിട്ടില്ല. പിണറായിയുടെ രക്ഷകനായാണ് ചര്‍ച്ച നടത്തിയത്. തൃശൂര്‍ സീറ്റിന് വേണ്ടിയായിരുന്നു ജാവദേക്കര്‍ ചര്‍ച്ച നടത്തിയത്. അത് സിപിഐ സീറ്റ് ആയതിനാല്‍ ചര്‍ച്ച വഴിമുട്ടി. ചര്‍ച്ച വിജയിച്ചെങ്കില്‍ എസ്എന്‍സി ലാവ്‌ലിന്‍ കേസ് അവസാനിപ്പിക്കുമായിരുന്നു. സാക്ഷികള്‍ മരിച്ചെന്നും കേസ് കലാഹരണപ്പെട്ടെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിക്കുമായിരുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞു”.എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിവാദത്തിലും ദല്ലാള്‍ നന്ദകുമാര്‍ മറുപടി നല്‍കി. ശോഭ സുരേന്ദ്രന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് അഡ്വാന്‍സ് തുകയായി 10 ലക്ഷം നല്‍കിയത്. ആ പണമാണ് തിരികെ കിട്ടാത്തത്. ശോഭയുടെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളില്‍ പ്രശ്‌നം ഉണ്ടായിരുന്നു. അവര്‍ അന്യായമായി കൈവശം വെച്ച ഭൂമിയാണ് തന്നോട് വില്‍ക്കാന്‍ പറഞ്ഞത്. ശോഭാ സുരേന്ദ്രന്റെ സംരക്ഷണ ഭര്‍ത്താവ് മോഹന്‍ദാസിന്റെ കയ്യില്‍ നിന്നും അദ്ദേഹത്തിന്റെ ഭാര്യ പ്രസന്നാ മോഹന്‍ദാസ് അറിയാതെ കൈവശപ്പെടുത്തിയ ഭൂമിയാണിത്. അത് വ്യക്തമായതോടെ ഇക്കാര്യം ശോഭയോട് ചോദിച്ചു. ശോഭ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിവരങ്ങളിലും ഈ ഭൂമിയുടെ വിവരം ഇല്ല. ഇക്കാര്യത്തില്‍ വ്യക്തത തേടി രണ്ട് കത്ത് നല്‍കിയെങ്കിലും അതിന് മറുപടി നല്‍കിയില്ല.ശോഭ സുരേന്ദ്രന്‍ അന്യായമായി കൈയ്യടക്കിയ ഭൂമിയായിരുന്നു തന്നോട് വില്‍ക്കാന്‍ പറഞ്ഞത്. അതിനാലാണ് ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്നത്. സംരക്ഷണ ഭര്‍ത്താവിന്റെ ഭാര്യ പ്രസന്നയുടെ പേരിലായിരുന്നു ഭൂമിയുണ്ടായിരുന്നത്. അത് അവര്‍ അറിയാതെ ശോഭ സുരേന്ദ്രന്‍ വില്‍പ്പനയ്ക്ക് ശ്രമിക്കുകയായിരുന്നു. ശോഭാ സുരേന്ദ്രന്‍ തട്ടിപ്പ് സംഘത്തില്‍ പെട്ടിരിക്കുകയാണ്. ഇവര്‍ക്കൊപ്പമുളള മോഹന്‍ദാസാണ് ഇതിന് പിന്നിലുളളത്. ബിജെപി സ്ഥാനാര്‍ത്ഥിത്വമെന്നത് പണംതട്ടിപ്പിനുളള ജോലി പോലെയാണെന്നും നന്ദകുമാര്‍ പരിഹസിച്ചു.