Pravasimalayaly

ഇ.പിയെ കൺവീനർ സ്ഥാനത്ത് നിന്നും നീക്കി, പകരം ടിപി രാമകൃഷ്ണൻ, മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കില്ല; എംവി ഗോവിന്ദൻ

 ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇത് സംഘടനാ നടപടിയല്ല. അദ്ദേഹം കേന്ദ്ര കമ്മിറ്റിയംഗമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ അമാന്തം കാട്ടിയിട്ടില്ല. കുറ്റാരോപിതനായ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ല. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്ത്രീകൾക്കെതിരെ അതിക്രമങ്ങളിൽ രാജ്യത്ത് 135 എംഎൽഎമാരും 16 എംപിമാരും പ്രതികളാണെന്നും എന്നാൽ അവരാരും രാജിവെച്ചിട്ടില്ല. ധാർമ്മികതയുടെ പേരിൽ രാജിവെച്ചാൽ കുറ്റവിമുക്തനായാൽ തിരിച്ചുവരവിന് അവസരം ഉണ്ടാകില്ലെന്നതും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

ഇടത് മുന്നണി കൺവീനർ സ്ഥാനത്ത് ടിപി രാമകൃഷ്ണന് പകരം ചുമതല നൽകി. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് ഇപി ജയരാജൻ്റെ പ്രവർത്തനത്തിൽ പരിമിതികളുണ്ടായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലെ പ്രശ്നങ്ങളും കാരണമായി. 

പല വിഷയങ്ങളിലും പരിശോധിച്ചതിൻ്റെ ഭാഗമായാണ് തീരുമാനം. ഇത് സംഘടനാ നടപടിയല്ല. അദ്ദേഹം പാർട്ടി കേന്ദ്ര കമ്മിറ്റിയംഗമായി തുടരും. മണ്ണാർക്കാട് ഏരിയാ കമ്മിറ്റിയെ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. തെരഞ്ഞെടുക്കപ്പെട്ട പാർട്ടി പദവികളിൽ നിന്ന് പികെ ശശിയെ പാർട്ടി ഒഴിവാക്കി. കെടിഡിസി ചെയർമാൻ സ്ഥാനം സർക്കാരിൻ്റെ ഭാഗമായുള്ള പദവിയാണ്. എംവി ഗോവിന്ദൻ പറഞ്ഞു. 

Exit mobile version