‘ഈ സ്നേഹം വിട്ട് ഞാന്‍ എവിടേയ്ക്കും ഇല്ല, നിലപാട് വ്യക്തമാക്കി സന്ദേശ് ജിങ്കാന്‍

0
37

കേരള ബ്ലാസ്റ്റേഴ്സിലെ ഏറ്റവും വലിയ ശക്തി ആരാധകരാണ്. ചങ്കു പറിച്ചു തരുന്ന ആരാധകരുടെ സ്നേഹം ഫുട്ബോള്‍ ലോകം കണ്ടതാണ്. ഇപ്പോള്‍ ആരാധകരുടെ സ്നേഹത്തിന്റെ പേരില്‍ ടീമില്‍ തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്‍. ഇത്ര സ്നേഹം തരുന്ന ആരാധകരെ വിട്ട് മറ്റൊരു ടീമിലേക്ക് പോകാന്‍ ഒരു ശതമാനം സാധ്യതപോലുമില്ലെന്നാണ് താരം പറഞ്ഞത്. അടുത്ത സീസണില്‍ കൊല്‍ക്കത്തയ്ക്കു വേണ്ടിയായിരിക്കും ജിങ്കാന്‍ ബൂട്ടണിയുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ബ്ലാസ്റ്റേഴ്സില്‍ തുടരുമെന്ന് ജിങ്കാന്‍ വ്യക്തമാക്കിയത്.

‘ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്നേഹത്തെക്കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല. അവരുടെ സ്നേഹത്തിന് മുന്നില്‍ ഞാന്‍ വിനയാന്വിതനാകുന്നു. ഈ സ്നേഹം നിരസിച്ച് മറ്റൊരു ടീമിലേക്ക് ഞാന്‍ പോവാന്‍ ഒരു ശതമാനം പോലും സാധ്യത ഇപ്പോഴില്ല, ഇക്കാര്യത്തില്‍ അഭ്യൂഹമുയര്‍ന്നപ്പോഴെ പ്രതികരിക്കാതിരുന്നതിന് ആരാധകരോട് മാപ്പു ചോദിക്കുന്നു’ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജിങ്കാന്‍ പറഞ്ഞു.

കൊല്‍ക്കത്ത അഞ്ച് കോടി രൂപയാണ് പ്രതിരോധ താരത്തിന് വാഗ്ധാനം ചെയ്തത്. നിലവില്‍ ബ്ലാസ്റ്റേഴ്സില്‍ നിന്ന് ഒരു കോടി ഇരുപത് ലക്ഷം രൂപയാണ് ജിങ്കാന്റെ വര്‍ഷിക വരുമാനം. ഇത്ര ഉയര്‍ന്ന പ്രതിഫലം വാഗ്ധാനം ചെയ്തപ്പോള്‍ രണ്ട് വര്‍ഷം കരാര്‍ ശേഷിക്കുന്നുണ്ടെങ്കിലും ജിങ്കാന്‍ ബ്ലാസ്റ്റേഴ്സ് വിടുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആദ്യ സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ ശക്തിയായി താരമുണ്ട്. മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയതോടെയാണ് ജിങ്കാന്‍ ക്ലബ് വിടുമെന്ന വാര്‍ത്തകള്‍ വന്നത്.

Leave a Reply