Monday, November 25, 2024
HomeNewsഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുതായിരുന്നു, എൻ.എസ്.എസിനെതിരെ പൊട്ടിത്തെറിച്ച് കോൺഗ്രസ് നേതാക്കൾ

ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുതായിരുന്നു, എൻ.എസ്.എസിനെതിരെ പൊട്ടിത്തെറിച്ച് കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: കോൺഗ്രസിനനുകൂലമായി എൻ.എസ്.എസ് പ്രഖ്യാപിച്ച പരസ്യപിന്തുണയും കരയോഗം പ്രവർത്തകർ മണ്ഡലത്തിലിറങ്ങി വോട്ട് അഭ്യർത്ഥിച്ചതുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറിന്റെ പരാജയത്തിന് പ്രധാന കാരണമെന്ന് വിലയിരുത്തൽ. ഇതുതന്നെയാണ് പരാജയ കാരണമെന്ന് തോന്നിയ ചില പ്രവർത്തകർ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ എൻ.എസ്.എസ് യൂണിയൻ മന്ദിരത്തിലേക്ക് ചാണകമെറിഞ്ഞു. തങ്ങളുടെ കൈയിലുള്ള ഫിക്‌സഡ് ഡെപ്പോസിറ്റ് വോട്ട് തരാമെന്ന് കെ.പി.സി.സി പ്രസിഡന്റിനെ കണ്ടുപറഞ്ഞ എൻ.എസ്.എസ് നേതാക്കളെ ഇപ്പോൾ കാണാനില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ സംസാരം. ഉപകാരം ചെയ്തില്ലെങ്കിലും തങ്ങളെ ഉപദ്രവിക്കരുതായിരുന്നുവെന്നാണ് ചില നേതാക്കൾ സങ്കടത്തോടെ പറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തൊൻപത് സീറ്റിൽ ജയിച്ച് പച്ചപിടിച്ചുവന്ന കോൺഗ്രസിനെ വട്ടിയൂർക്കാവിലും കോന്നിയിലും തോല്പിച്ചത് എൻ.എസ്.എസിന്റെ ‘സഹായം” കൊണ്ടു മാത്രമാണെന്ന് ഒരു യുവനേതാവ് പ്രതികരിച്ചു.

തങ്ങളുടെ സമുദായത്തിലെ സ്ഥാനാർത്ഥിയെ തങ്ങൾ ജയിപ്പിക്കുമെന്ന പരസ്യനിലപാട് ഇതര സമുദായങ്ങൾക്കിടയിൽ ഉണ്ടാക്കിയ ധ്രുവീകരണമാണ് പരമ്പരാഗത വോട്ടുകളിൽപോലും വിള്ളലുണ്ടാക്കാൻ കാരണമായത്. എൻ.എസ്.എസ് നിലപാടോടെ പരമ്പരാഗത കോൺഗ്രസ് വോട്ടുകൾ വേറെ വഴിക്കുപോയി. ഇതു ചെറുക്കാൻ കോൺഗ്രസിന് യാതൊന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് മോഹൻകുമാർ ഫലം വന്നയുടൻ പ്രതികരിച്ചിരുന്നു. സമുദായസംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് ശരിയാണോ എന്ന ഇടതുനേതാക്കളുടെ ചോദ്യം നായർ വിഭാഗത്തിലെയടക്കം വോട്ടർമാരെ സ്വാധീനിച്ചുവെന്നാണ് ഫലം തെളിയിക്കുന്നത്.

രണ്ടാം പ്രളയത്തിൽ മേയറെന്ന നിലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വി.കെ. പ്രശാന്ത് ചെയ്ത കാര്യങ്ങളെ നിസാരവത്കരിച്ച് കോൺഗ്രസ് നേതാക്കൾ പ്രസംഗിച്ചതും വിനയായി. അതിനെതിരെ പൊതുജനങ്ങൾക്കിടയിൽ ഉണ്ടായ പ്രതിഷേധമാണ് പ്രശാന്തിന് സഹായകമായ മറ്റൊരു ഘടകം. കേരളമാകെ അംഗീകരിച്ച സഹായപ്രവർത്തനത്തെയാണ് കോൺഗ്രസ് നേതാക്കൾ തള്ളിപ്പറഞ്ഞത്.

മനുഷ്യാവകാശ കമ്മിഷൻ അംഗമായതോടെ സജീവരാഷ്ട്രീയത്തിൽ നിന്ന് മാറിയ കെ. മോഹൻകുമാർ സ്ഥാനാർത്ഥിയായപ്പോഴുണ്ടായ സ്വീകാര്യതക്കുറവും പരാജയത്തിന് മറ്റൊരു കാരണമായി. സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ കല്ലുകടിയും പ്രചാരണഘട്ടത്തിൽ പ്രമുഖ നേതാക്കളുടെ അസാന്നിദ്ധ്യവും പ്രവർത്തനത്തെ ബാധിച്ചിരുന്നു. നേതൃത്വത്തിനോട് മോഹൻകുമാർ തന്നെ പരാതിപ്പെട്ടതിനു ശേഷമാണ് കെ. മുരളീധരനും ശശി തരൂരും അടക്കമുള്ളവർ രംഗത്തെത്തിയത്. ഇതെല്ലാം മോഹൻകുമാറിന്റെ പരാജയ കാരണങ്ങളാണെന്നാണ് വിലയിരുത്തൽ

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments